വെള്ളത്തിൽ വീണതെന്ന് പൊലീസ്, കൊലപാതകമെന്ന് കുടുംബം: ദുരൂഹത മാറാതെ കുടകിലെ ആദിവാസി മരണങ്ങൾ
ആറ് മാസത്തിനിടെ കുടകിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ അസ്വാഭാവിക ആദിവാസി മരണമാണ് ശ്രീധരന്റേത്.
കുടക്: ദുരൂഹത അവസാനിക്കാതെ കുടകിലെ ആദിവാസി മരണങ്ങൾ. വയനാട് വെളളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് കുടകിലെ ഉതുക്കേരിയിൽ, വെളളത്തിൽ വീണ് ശ്രീധരൻ മരിച്ചെന്നായിരുന്നു പൊലീസ് അറിയിച്ചത്. ബന്ധുക്കൾ എത്തുംമുമ്പ് മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ബന്ധുക്കൾക്ക് ലഭിച്ചത് ശ്രീധരന്റെ വസ്ത്രങ്ങളും മരിച്ച് കിടക്കുന്ന ചിത്രവും മാത്രമായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കുടകിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ അസ്വാഭാവിക ആദിവാസി മരണമാണ് ശ്രീധരന്റേത്.
ജനുവരി ആദ്യവാരമായിരുന്നു കുടകിലെ ഇഞ്ചി തോട്ടത്തിൽ ശ്രീധരൻ ജോലിക്ക് പോയത്. ശ്രീധരനെ വീട്ടിലേക്ക് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വെളളമുണ്ട പൊലീസിൽ ഏപ്രിൽ 18ന് പരാതി നൽകി. ഇതിനുപിന്നാലെ ശ്രീധരന്റെ സഹോദരൻ അനിലുമായി വെളളമുണ്ട പോലീസ് ഗോണിക്കുപ്പയിലെത്തിയപ്പോഴാണ് ഫെബ്രുവരി 17 ന് ഉതുക്കേരിയിൽ വെളളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ശ്രീധരനാകാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചത്.
മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്നും മടിക്കേരിയിലെത്തിച്ച് പോസ്റ്റ്‍മോർട്ടം നടത്തിയ ശേഷം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചെന്നുമാണ് ഗോണിക്കുപ്പ പൊലീസ് പറയുന്നത്. വെളളത്തിൽ മരിച്ച് കിടക്കുന്ന ശ്രീധരന്റെ ചിത്രവും ധരിച്ച വസ്ത്രങ്ങളും ഒരു പിടി മുടിയും മാത്രമായിരുന്നു കുടുംബത്തിന് ലഭിച്ചത്.
ശ്രീധരനെ ആരോ മർദിച്ച് കൊലപ്പെടുത്തിയ ശേഷം വെളളത്തിൽ ഉപേക്ഷിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ശ്രീധരന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പോലും പൊലീസ് കുടുംബത്തിന് കൈമാറിയിട്ടില്ല. പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണവും നിലച്ച മട്ടാണ്. നിയമപോരാട്ടത്തിനുളള പണമോ സ്വാധീനമോ ഇല്ലാത്ത കുടുംബം നിസഹായരായി നീതിക്ക് വേണ്ടിയുളള കാത്തിരിപ്പ് തുടരുകയാണ്.