കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിക്കെതിരായ കേസ് തേച്ച് മായ്ച്ചു കളഞ്ഞു: എം.എം ഹസന്‍

മുഖ്യമന്ത്രി സ്വപ്നയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാത്തയിടത്തോളം സ്വപ്നയുടെ മൊഴി മുഖവിലയ്ക്ക് എടുക്കേണ്ടി വരുമെന്നും എം.എം ഹസന്‍

Update: 2022-06-16 14:30 GMT
Advertising

കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിക്കെതിരായ കേസ് തേച്ച് മായിച്ചു കളഞ്ഞുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഇതിന് കാരണം സി.പി.എം ബി ജെ പി രഹസ്യ ബന്ധമാണ്. മുഖ്യമന്ത്രി സ്വപ്നയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാത്തയിടത്തോളം സ്വപ്നയുടെ മൊഴി മുഖവിലയ്ക്ക് എടുക്കേണ്ടി വരുമെന്നും എം.എം ഹസന്‍ പറഞ്ഞു.

സ്വപ്നയുടെ ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിക്കാനാണ് യു.ഡി.എഫ് തീരുമാനം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ ചേര്‍ന്ന നിർണായക യോഗത്തിലാണ് തീരുമാനം. സ്വർണക്കടത്ത് കേസിൽ സമരം ജില്ലകളിൽ ശക്തമാക്കാനും യുഡിഎഫ് യോഗത്തിൽ തീരുമാനമായി.

സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം. വിമാനത്തിനുള്ളിലെ പ്രതിഷേധത്തെ വഴിതിരിച്ചുവിടാൻ സിപിഎം നേതൃത്വം നീക്കം നടത്തിയെങ്കിലും അത് പ്രതിപക്ഷത്തിന് ഏശിയിട്ടില്ലെന്നാണ് വിലയിരുത്തല്‍.

വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും സ്വർണക്കടത്ത് ആരോപണങ്ങൾ പ്രതിപക്ഷം സജീവമാക്കും. അതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. ലോക കേരളസഭയിൽ നിലവിലെ സാഹചര്യത്തിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിലും യുഡിഎഫിലും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിന്നിരുന്നു. സർക്കാർ ഇക്കാര്യത്തിൽ നേരത്തെ തന്നെ പ്രതിപക്ഷവുമായി ചർച്ച നടത്തിയിരുന്നു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News