''വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാ...''; യൂത്ത് കോണ്‍ഗ്രസിനെ പരിഹസിച്ച് എം.എം മണി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എൽ.ഡി.എഫ് കൺവീനര്‍ ഇ.പി ജയരാജന് വിമാനത്തില്‍ വെച്ച് തടയുകയും തള്ളിയിടുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മണിയുടെ പരിഹാസം.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് സിപിഎം നേതാവും ഉടുമ്പന്‍ചോല എം.എല്‍.എയുമായ എം.എം മണി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളെ പരിഹസിച്ച് മണി രംഗത്തെത്തിയത്. 'ഊതിയാ പറക്കുന്നവരാണോ ഊത്തന്മാര്...? വീണതല്ല സാഷ്ടാംഗ് പ്രണമിച്ചതാ എന്നായിരുന്നു', എന്നായിരുന്നു മണിയുടെ ഫേസ്ബുക് പോസ്റ്റ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എൽ.ഡി.എഫ് കൺവീനര്‍ ഇ.പി ജയരാജന് വിമാനത്തില്‍ വെച്ച് തടയുകയും തള്ളിയിടുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മണിയുടെ പരിഹാസം.
യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്. കറുത്ത വസ്ത്രമണിഞ്ഞാണ് ഇവർ വിമാനത്തിനുള്ളിലെത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായതോടെ ഇ.പി ജയരാജന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുകയും തള്ളിയിടുകയും ചെയ്യുകയായിരുന്നു.
തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നതിനാൽ ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നെന്നായിരുന്നു ഇ.പി ജയരാജൻറെ പ്രതികരണം. പ്രതിഷേധക്കാരെ തടഞ്ഞത് താനാണെന്നും അല്ലാതെ പ്രതിഷേധക്കാരെ ചുംബിക്കണമോയെന്നും ഇ പി ജയരാജൻ ചോദിച്ചു. യൂത്ത്കോൺഗ്രസ് പ്രവർത്തകർ എത്തിയത് മദ്യപിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നീങ്ങിയപ്പോൾ തടഞ്ഞു നിർത്തുകയായിരുന്നു. അല്ലെങ്കിൽ അവർ ആക്രമിക്കുമായിരുന്നു. ഇത് ഭീകര പ്രവർത്തനമാണ്, ഒരു മുഖ്യമന്ത്രിക്കുമെതിരെ ഭീകരൻമാരല്ലാതെ ഇങ്ങനെ വിമാനത്തിൽ പ്രതിഷേധിച്ചിട്ടില്ല. ജനപിന്തുണയില്ലാത്തിനാൽ ഭീകര പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്. നേതൃത്വം അറിഞ്ഞു കൊണ്ടാണ് വിമാനത്തിലെ പ്രതിഷേധമെന്നും ജയരാജൻ പറഞ്ഞു.