ചന്ദ്രബോസ് വധത്തിൽ നിഷാമിന് തിരിച്ചടി; ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു

2015 ജനുവരി 29നാണ് തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ നിഷാം കാറിടിച്ചു കൊലപ്പെടുത്തിയത്

Update: 2022-09-16 06:49 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ശോഭാ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് നിഷാമിന് തിരിച്ചടി. ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ ഹരജി ഹൈക്കോടതി തള്ളി. ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിഷാമിന്‍റെ ഹരജി തള്ളിയത്. തൃശൂരിലെ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് നിഷാം ഹൈക്കോടതിയെ സമീപിച്ചത്. ഹരജി തള്ളിയ ഡിവിഷന്‍ ബെഞ്ച് പ്രതിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് നിരീക്ഷിച്ചു. നിഷാമിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം വധശിക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപ്പീലും കോടതി തള്ളിയിട്ടുണ്ട്.

2015 ജനുവരി 29നു പുലർച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം. തൃശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കണ്ടശ്ശാംകടവ് സ്വദേശിയായ ചന്ദ്രബോസ് ആണ് മരിച്ചത്. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ചന്ദ്രബോസിനെ നിഷാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു.

വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിഷാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും അടിച്ചുതകർത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനും മർദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഫ്ളൈയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിക്കുകയായിരുന്നു.

സംഭവത്തിൽ നേരത്തെ അറസ്റ്റിലായ നിഷാമിനെതിരെ പിന്നീട് കൊലക്കുറ്റവും ചുമത്തി. തൃശൂർ സെഷൻസ് കോടതി ജീവപര്യന്തത്തിനു പുറമെ 24 വർഷം തടവും 80,30,000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ നിഷാം നൽകിയ അപ്പീലിലാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.

Summary: Kerala High court rejects Muhammed Nisham's plea in K Chandrabose murder case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News