കൂട്ടരാജിയോടെ 'അമ്മ'യിൽ പ്രതിസന്ധി കടുക്കുന്നു; പുതിയ ഭാരവാഹികൾ ആരാകണം എന്നതിൽ തിരക്കിട്ട ചർച്ചകൾ
പ്രസിഡന്‍റ് / ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് വനിതയെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്
കൊച്ചി: അമ്മ ഭരണസമിതി പിരിച്ചുവിട്ടതോടെ, പുതിയ ഭാരവാഹികൾ ആരാകണം എന്നത് സംബന്ധിച്ച് സംഘടനയിൽ തിരക്കിട്ട ചർച്ചകൾ. ജഗദീഷ്, രമേശ് പിഷാരടി, പൃഥ്വിരാജ്, അൻസിബ തുടങ്ങിയവരെ പ്രധാന സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. പ്രസിഡന്‍റ് / ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് വനിതയെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.
അതേസമയം, വെല്ലുവിളി നിറഞ്ഞ പുതിയ കമ്മിറ്റിയിലെ നേതൃസ്ഥാനത്തേക്ക് പ്രമുഖ താരങ്ങൾ മുന്നോട്ടുവരാനുള്ള സാധ്യതയും വിരളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ആരോപണ വിധേയല്ലാത്തവർ ഭാരവാഹി സ്ഥാനത്തേക്ക് വരട്ടെ എന്നാണ് വനിതകൾ ഉൾപ്പെടെ ബഹുഭൂരിപക്ഷം അമ്മ അംഗങ്ങളുടെയും നിലപാട്.
നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്നലയൊണ് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്. സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജി വയ്ക്കുകയും ചെയ്തു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്തം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നായിരുന്നു വിശദീകരണം.
യുവനടിയുടെ ലൈംഗികാരോപണത്തിനു പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖ് രാജിവെച്ചിരുന്നു. പിന്നാലെ അമ്മ അംഗങ്ങളായ മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉയരുകയുണ്ടായി. സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ ജനറൽ സെക്രട്ടറിയുടെ താല്കാലിക ചുമതല വഹിച്ചിരുന്ന നടൻ ബാബു രാജിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ സ്വീകരിച്ച നിലപാടിൽ വലിയ വിമർശനം സംഘടനയ്ക്ക് ഉള്ളിൽ നിന്ന് തന്നെ ഉയരുന്നതിനിടെയാണ് ഭരണ സമിതി പിരിച്ചുവിട്ടത്. പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മോഹൻലാൽ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരുന്നില്ല എന്നതും വിമർശനത്തിന് വഴിവെച്ചിരുന്നു.
മോഹൻലാൽ, ജദഗീഷ്, ജയൻ ചേർത്തല, സിദ്ദിഖ്, ബാബുരാജ്, ഉണ്ണിമുകുന്ദൻ, അനന്യ, അൻസിബ ഹസ്സൻ, ജോയ് മാത്യു, ജോമോൾ, കലാഭവൻ ഷാജോൺ, സരയൂ മോഹൻ, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരായിരുന്നു അമ്മയുടെ ഭരണസമിതി അംഗങ്ങൾ.