'കൂടുതൽ സീറ്റ് പ്രതീക്ഷിച്ചിരുന്നു'; കേരളത്തിലെ ഫലം നിരാശപ്പെടുത്തുന്നതെന്ന് സിപിഎം മുഖപത്രം
കേരളത്തിൽ ആകെ ഒരു ലോക്സഭാ സീറ്റാണ് സിപിഎമ്മിന് നേടാനായത്
ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നതെന്ന് സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി. കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച മണ്ഡലങ്ങളിലൊന്നും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നും എഡിറ്റോറിയലിൽ പറഞ്ഞു. ആത്മ പരിശോധന നടത്തി പോരായ്മകൾ കണ്ടെത്തണമെന്നും മുഖപത്രത്തിലുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സമാനമായ പ്രതികരണമാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നടത്തിയത്. തെറ്റുകൾ എവിടെയൊക്കെ സംഭവിച്ചെന്ന് പരിശോധിച്ച് അവയെല്ലാം തിരുത്തി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കേരളത്തിൽ ആകെ ഒരു ലോക്സഭാ സീറ്റാണ് സിപിഎമ്മിന് നേടാനായത്. ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ. രാധാകൃഷ്ണൻ വിജയിച്ചത്. സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ എ.എം ആരിഫ് പരാജയപ്പെടുകയും ചെയ്തു. കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് ആലപ്പുഴയിൽ വിജയിച്ചത്.