കേരളത്തില്‍ ഇത്തവണ 20 സീറ്റും നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കഴിഞ്ഞ തവണത്തേക്കാൾ അനുകൂല സാഹചര്യമാണുള്ളതെന്നും മുല്ലപ്പള്ളി
കോഴിക്കോട്: കേരളത്തില്‍ യുഡിഎഫ് ഇത്തവണ 20ല്‍ 20 സീറ്റും നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് ജീവൻ മരണ പോരാട്ടമാണ്. ഇന്‍ഡ്യ സഖ്യം ജയിക്കേണ്ടത് നാടിൻ്റെ ആവശ്യമാണ്. കഴിഞ്ഞ തവണത്തേക്കാൾ അനുകൂല സാഹചര്യമാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വ്യക്തിഹത്യ ആരോപണം ജനം മനസിലാക്കും. സി.പി.എം-ബി.ജെ.പി അന്തർധാരയുണ്ട്. ഇ.പി ജയരാജൻ ബി.ജെ.പിയിലേക്ക് പോകുന്നു എന്നതിനെക്കാളേറെ അവർ തമ്മിലുള്ള അന്തർധാരയാണ് മനസ്സിലാകുന്നത്. സി.പി.എം-ബി.ജെ.പി അന്തർധാര ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൂറ് ശതമാനം വിജയം ഉറപ്പെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ പറഞ്ഞു. ബി.ജെ.പിയുമായി അന്തർധാരയുണ്ടെന്ന് ആദ്യം പറഞ്ഞപ്പോൾ തമാശയായി കണ്ടു. 18-എല്‍ഡിഎഫ്, 2-എന്‍ഡിഎ ഇതാണ് ബി.ജെ.പിയുമായിട്ടുള്ള ധാരണ. തിരുവനന്തപുരവും തൃശൂരും ബി.ജെ.പിക്ക്. ഈ ധാരണ പൊളിക്കും. സി.പി.എമ്മിന്‍റെ പല പ്രമുഖ നേതാക്കളും തൃശ്ശൂരിൽ ഇല്ലായിരുന്നു. മുഖ്യമന്ത്രി തൃശ്ശൂരിലെ പാർട്ടി ഓഫീസിൽ എത്തിയത് ഡീൽ ഉറപ്പിക്കാനാണ്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം എന്ന് പറയും പോലെ കേസും തീർക്കാം കോൺഗ്രസിനെയും അടിക്കാമെന്നാണെന്നും മുരളീധരന്‍ പറഞ്ഞു.