50 ഏക്കറിൽ വിളഞ്ഞുനിൽക്കുന്ന ഈന്തപ്പനത്തൈകൾ, അറേബ്യയിലല്ല തൊട്ടടുത്ത് തമിഴ്‌നാട്ടിൽ; മലയാളി സംരംഭകന്റെ കാര്‍ഷികവിജയം പങ്കുവച്ച് മുനവ്വറലി തങ്ങൾ

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള വീരചോളൻ എന്ന ഗ്രാമത്തിലാണ് ആയിരത്തിലേറെ ഈന്തപ്പനകളടങ്ങിയ മനോഹരമായ തോട്ടം സ്ഥിതിചെയ്യുന്നത്

Update: 2021-07-01 12:02 GMT
Editor : Shaheer
Advertising

50 ഏക്കറിൽ വിളഞ്ഞുനിൽക്കുന്ന 1,200ലധികം ഈന്തപ്പനത്തൈകൾ. അറേബ്യയിലാണെന്നു വിചാരിക്കേണ്ട. തൊട്ടടുത്ത് തമിഴ്‌നാട്ടിലാണ് ഈ കാഴ്ച. നമ്മുടെ സ്വന്തം മണ്ണിലെ ഈ ഈത്തപ്പന വിളവെടുപ്പിനു പിന്നിൽ ഒരു മലയാളി സംരംഭകനും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് മലയാളി യുവാവിന്റെ ഈന്തപ്പന കൃഷി വിജയത്തിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള വീരചോളൻ എന്ന ഗ്രാമത്തിലാണ് നൂറുകണക്കിന് ഈന്തപ്പനകളടങ്ങിയ മനോഹരമായ തോട്ടം സ്ഥിതിചെയ്യുന്നത്. പരപ്പനങ്ങാടി സ്വദേശിയായ സാജിദ് തങ്ങളാണ് ഈ വേറിട്ട കൃഷിക്കു പിന്നിലെ സംരംഭകൻ. 2013ൽ ഇവിടെ വെറും നൂറ് തൈകൾ വച്ചുതുടങ്ങിയതാണ് സാജിദ് ഈന്തപ്പന കൃഷി. ഇപ്പോഴത് 50 ഏക്കറിലായി 1,200ലേറെ തൈകളിലേക്ക് വ്യാപിച്ചിരിക്കുന്നു.

കൃഷിയും മറ്റ് അനുബന്ധ കാര്യങ്ങളും ഉൾക്കൊള്ളുന്ന ഒരു ഗ്രാമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സാജിദ് 'സ്മാർട്ട് അഗ്രോ വില്ലേജ്' എന്ന ആശയത്തിന് തുടക്കമിടുന്നത്. ആദ്യം സുഹൃത്തുക്കളും ബന്ധുക്കളുമടക്കം പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ഇദ്ദേഹം പിന്മാറിയില്ല. ആ നിശ്ചയദാർഢ്യത്തിനും കഠിനാധ്വാനത്തിനും ഒടുവിൽ ഫലം കാണുകയും ചെയ്തു. നിലവിൽ വലിയ തോതിൽ സ്ഥിരം വിളവെടുപ്പ് നടക്കുന്ന ഒരു ഈന്തപ്പന കൃഷിയിടമായി ഇവിടെ മാറിയിരിക്കുന്നുവെന്ന് സാജിദ് പറയുന്നു. വിവരമറിഞ്ഞ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പേരാണ് ഈന്തപ്പഴം വാങ്ങാനായി ഇവിടെയെത്തുന്നത്.

മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഈന്തപ്പന കൃഷികൾ നമ്മൾ കാണാറ് ഗൾഫ് നാടുകളിലാണ്. എന്നാൽ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും കുലച്ചുനിൽക്കുന്ന ഈന്തപ്പന തോട്ടങ്ങൾ കാണുമ്പോൾ ഏറെ അത്ഭുതം തോന്നി. പ്രിയ സുഹൃത്ത് സാജിദ് തങ്ങളുടേതാണ് തമിഴ്‌നാട്ടിലെ ഈ ഈന്തപ്പന തോട്ടം. പരപ്പനങ്ങാടിയിലെ പിഎസ്എച്ച് തങ്ങളുടെ മകനും ഞങ്ങളുടെ ബന്ധുവുമായ സാജിദ് തങ്ങൾ വളർന്നു വരുന്ന ഒരു യുവ സംരംഭകനാണ്. ലോകം ടെക്‌നോളജിയുടെ പിന്നാലെ പോകുമ്പോൾ കാർഷികമേഖലയിൽ വ്യത്യസ്തമായ കാഴ്ചപ്പാടുമായി മുന്നേറുകയാണ് ഈ യുവപ്രതിഭ.

പൊതുവേ ജനങ്ങൾ കൃഷിയിൽനിന്നും അന്യം നിൽക്കുന്ന ഈ കാലത്ത് കൃഷിയെ കൂടുതൽ പരിചയപ്പെടുത്തുകയും കാർഷികമേഖലയിലെ അനന്തമായ സാധ്യതകളെ തുറന്ന് കാണിക്കുകയുമാണ് ഈ യുവകർഷകൻ.

തമിഴ്‌നാട്ടിലെ മധുരയിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയുള്ള വീരചോളൻ എന്ന ഗ്രാമത്തിലാണ് ഈന്തപ്പന അടക്കമുള്ള വ്യത്യസ്തമായ ഫലവൃക്ഷങ്ങളടങ്ങിയിട്ടുള്ള സാജിദ് തങ്ങളുടെ മനോഹരമായ തോട്ടം സ്ഥിതിചെയ്യുന്നത്.

2013 - ൽ കേവലം 100 തൈകൾ വെച്ചു തുടങ്ങിയ ഈന്തപ്പന കൃഷിൽ ഇപ്പോൾ 50 ഏക്കറിലായി 1200 - ൽ അധികം തൈകളുണ്ട്. കൃഷിയും മറ്റു അനുബന്ധ കാര്യങ്ങളും ഉൾക്കൊള്ളുന്ന ഒരു ഗ്രാമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് 'സ്മാർട്ട് അഗ്രോ വില്ലേജ്' എന്ന ആശയത്തിൽ എത്തിച്ചേരുന്നത്. ഈയൊരു ആശയം പലരുമായി പങ്കുവെച്ചെങ്കിലും എല്ലാവരും നിരുത്സാഹപ്പെടുത്തുകയായിരുന്നു. എന്നാൽ ഉപ്പയുടെയും സുഹൃത്തുക്കളുടെയും പരിപൂർണ്ണ പിന്തുണയുടെ പിൻബലത്തിലാണ് അദ്ദേഹം ഈയൊരു പദ്ധതി തുടങ്ങുന്നതും ഇതിൽ വിജയം കൈവരിക്കുന്നതും.

Full View

ഗൾഫ് രാഷ്ട്രങ്ങളിൽ മാത്രമാണ് നമ്മൾ ഇതുവരെ ഈന്തപ്പഴം കൃഷികളെ കണ്ടിട്ടുള്ളത്. എന്നാൽ സാജിദ് തങ്ങളുടെ തമിഴ്‌നാട്ടിലെ മനോഹരമായ തോട്ടത്തിൽ നിന്നും മധുരമൂറുന്ന ഈത്തപ്പഴം കഴിച്ചപ്പോൾ ഗൾഫ് രാഷ്ട്രങ്ങളിൽ എത്തിയ അനുഭൂതിയാണ് ഉണ്ടായത്. ഇനിയും വ്യത്യസ്തമായ പല ആശയങ്ങളും രൂപപ്പെടുത്തുവാനും അതിൽ വിജയം കൈവരിക്കാനും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും.

Tags:    

Editor - Shaheer

contributor

Similar News