മുണ്ടക്കൈ ദുരന്തം; അടിയന്തര ധനസഹായം നൽകിത്തുടങ്ങി
ധനസഹായം വിതരണം ചെയ്യാൻ പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു
വയനാട്: മുണ്ടക്കൈ ദുരന്തത്തിനിരയായവർക്കുള്ള അടിയന്തര ധനസഹായം വിതരണം ചെയ്യാൻ പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. രുരന്തബാധിതർക്ക് 10,000 രൂപ നൽകിതുടങ്ങിയെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. അക്കൗണ്ട് ഇല്ലാത്തവർക്ക് സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങുമെന്നും റവന്യു മന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നുവെന്ന വാർത്തക്ക് പിന്നാലെയാണ് നടപടി.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അതിദാരിദ്ര്യത്തിലേക്ക് എടുത്തറിയപ്പെട്ടവരാണ് മുണ്ടക്കൈയിലെ മനുഷ്യർ. എല്ലാം ഉണ്ടായിരുന്നവർ ഒരൊറ്റ രാത്രികൊണ്ട് ഒന്നുമില്ലാത്തവരായി. ഉരുൾപൊട്ടിയപ്പോൾ ഉടുതുണിയൊഴിച്ച് മറ്റെല്ലാം ഉപേക്ഷിച്ച് ക്യാമ്പുകളിലേക്ക് ഓടിയെത്തിയവർക്ക്, രണ്ടാഴ്ചയ്ക്കിപ്പുറവും ഒരു രൂപ പോലും സ്വന്തമായി എടുക്കാൻ ഉണ്ടായിരുന്നില്ല.
ദുരന്തമുണ്ടായപ്പോൾ കുടുംബത്തിലെ രണ്ട് പേർക്ക് പ്രതിദിനം 300 രൂപയും ഓരോ കുടുംബത്തിനും 10,000 രൂപ അടിയന്തര ധനസഹായവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ പ്രഖ്യാപിച്ച ആ ധനസഹായം ഇതുവരെയും ഇവരുടെ കൈകളിൽ എത്തിയിരുന്നില്ല.