രക്ഷാകരങ്ങൾ തേടി ഒരു ജീവൻ; മുണ്ടക്കൈയിൽ ചെളിയിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം- വീഡിയോ
ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് ഇതുവരെ എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല.
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ ചെളിയിൽ പുതഞ്ഞുകിടക്കുന്ന യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമം. ശരീരത്തിന്റെ പാതിഭാഗം ചെളിക്കുള്ളിൽ അകപ്പെട്ട നിലയിലാണ് ഇയാൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടു പോയതിനാൽ ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് എത്തനായിട്ടില്ല. കരയിൽനിൽക്കുന്ന ആളുകളാണ് വീഡിയോ എടുത്തത്.
രക്ഷപ്പെടാനുള്ള വഴി തേടുന്ന യുവാവിനോട് കരയിലുള്ളവർ അവിടെത്തന്നെ പിടിച്ചുനിൽക്കാൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. നിരവധി വീടുകളുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ ചെളിയും മണ്ണും കല്ലും നിറഞ്ഞിരിക്കുന്നത്. മേഖലയിൽ നാനൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായാണ് വിവരം. മുണ്ടക്കൈ ടൗൺ പൂർണമായി ഒലിച്ചുപോയതായാണ് നാട്ടുകാർ പറയുന്നത്.
ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് ഇതുവരെ എത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചിട്ടില്ല. ഇവിടേക്കുള്ള ഏകപാലമാണിത്. വ്യോമമാർഗം വഴി മുണ്ടക്കൈയിൽ ഇറങ്ങാനുള്ള ശ്രമമാണ് ഇപ്പോൾ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.