'സൽക്കാരങ്ങൾ ആ കർമസരണിയിൽ വിലങ്ങുതടിയായില്ല'; ബനാത്‌വാല അനുസ്മരണത്തിൽ കുഞ്ഞാലിക്കുട്ടിയെ ട്രോളി പാർട്ടി സെക്രട്ടറി
"സമുദായം തന്നിലർപ്പിച്ച വിശ്വാസത്തെ കളങ്കമില്ലാതെ കൊണ്ട് പോകാൻ അദ്ദേഹത്തിന് സാധ്യമായി എന്നത് പാർലമെന്റിനകത്തും പുറത്തും നടത്തിയ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ കൃത്യമായ ഇടപെടലുകളിലൂടെ നമുക്ക് ബോധ്യമാകും"
മുസ്‌ലിംലീഗ് മുൻ അധ്യക്ഷൻ ഗുലാം മഹ്‌മൂദ് ബനാത്‌വാലയെ കുറിച്ചുള്ള അനുസ്മരണക്കുറിപ്പിൽ പികെ കുഞ്ഞാലിക്കുട്ടിയെ ട്രോളി പാർട്ടി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെഎസ് ഹംസ. പ്രതിസന്ധികളിൽ ഒളിച്ചോടാൻ തയ്യാറാവാതെ പ്രതിബദ്ധത പുലർത്തിയ, സൽക്കാരങ്ങളോ യാത്രാ പ്രതിബന്ധങ്ങളോ വിലങ്ങുതടിയാവാത്ത നേതാവ് എന്നാണ് ഹംസ ബനാത്‌വാലയെ വിശേഷിപ്പിച്ചത്.
'സമുദായം തന്നിലർപ്പിച്ച വിശ്വാസത്തെ കളങ്കമില്ലാതെ കൊണ്ട് പോകാൻ അദ്ദേഹത്തിന് സാധ്യമായി എന്നത് പാർലമെന്റിനകത്തും പുറത്തും നടത്തിയ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ കൃത്യമായ ഇടപെടലുകളിലൂടെ നമുക്ക് ബോധ്യമാകും. പ്രതിസന്ധികളിൽ പതറാതെ ഒരു സിംഹഗർജ്ജനമായി സഭക്കകത്ത് നിലകൊണ്ടു, ഭരണകൂടങ്ങൾക്കൊരു താക്കീതായി, വിവാഹമോചിത നിയമമടക്കം സുപ്രധാനമായ നിരവധി നിയമങ്ങളാണ് അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പിറവിയെടുത്തത്. പ്രതിസന്ധികളിൽ ഒളിച്ചോടാൻ തയ്യാറാവാതെ പ്രതിബദ്ധത പുലർത്തി, സൽക്കാരങ്ങളോ യാത്ര പ്രതിബന്ധങ്ങളോ ആ കർമ്മ സരണിയിൽ വിലങ്ങ് തടിയായില്ല. ഭയഭക്തിയുടെ ചൈതന്യം അങ്കുരിക്കുന്ന ഹൃദയത്തോടെ സധൈര്യം നേരിടുകയായിരുന്നു. എന്ത് കൊണ്ടും പുതുതലമുറക്ക് മാർഗ്ഗദർശിയാണ് ഗുലാം മഹ്‌മൂദ് ബനാത്‌വാല സാഹിബ്' ഹംസ എഴുതി.
പറയേണ്ടത് ആരുടെ മുഖത്തു നോക്കിയും കൃത്യമായി പറയുന്ന തന്റേടമുള്ള നേതാവായിരുന്നു ബനാത്‌വാലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറിപ്പിന്റെ പൂർണരൂപം
ജനാബ് ഗുലാം മുഹമ്മദ് ബനാത്ത് വാല സാഹിബിന്റെ വിയോഗത്തിന് ഇന്നേക്ക് പതിമൂന്ന് വർഷം തികയുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക് കരുത്തായി നിന്ന മഹാമനീഷിയായിരുന്നു ബനാത്ത് വാല സാഹിബ്. പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയും കൃത്യമായി പറയുന്ന തന്റേടമുള്ള നേതാവ്.
വിജ്ഞാനം നിറഞ്ഞ് തുളുമ്പുന്ന വാഗ്ധ്വാരണിയുടെ ഉടമയായ ബനാത്ത് വാല സാഹിബിന്റെ പ്രഭാഷണങ്ങൾ, വർഷങ്ങൾക്കിപ്പുറവും തലമുറയെ ആവേശഭരിതരാക്കുന്നുണ്ട്. മികച്ച വിദ്യാഭ്യാസ വിചക്ഷണനായാണ് ബനാത്ത് വാല അറിയപ്പെടുന്നത്.
1967-ലും 1972-ലും മഹാരാഷ്ട്ര അസംബ്ലിയിൽ അംഗമായിരുന്നു. തുടർന്ന് 1977- മുതൽ ഏഴ് തവണ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റഗമായി. മികച്ച പാർലിമെന്റേറിയൻ എന്ന നിലക്ക് നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.
സമുദായം തന്നിലർപ്പിച്ച വിശ്വാസത്തെ കളങ്കമില്ലാതെ കൊണ്ട് പോകാൻ അദ്ദേഹത്തിന് സാധ്യമായി എന്നത് പാർലമെന്റിനകത്തും പുറത്തും നടത്തിയ ന്യൂനപക്ഷ പ്രശ്‌നങ്ങളിലെ കൃത്യമായ ഇടപെടലുകളിലൂടെ നമുക്ക് ബോധ്യമാകും. പ്രതിസന്ധികളിൽ പതറാതെ ഒരു സിംഹഗർജ്ജനമായി സഭക്കകത്ത് നിലകൊണ്ടു...,ഭരണകൂടങ്ങൾക്കൊരു താക്കീതായി.., വിവാഹമോചിത നിയമമടക്കം സുപ്രധാനമായ നിരവധി നിയമങ്ങളാണ് അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പിറവിയെടുത്തത്.
പ്രതിസന്ധികളിൽ ഒളിച്ചോടാൻ തയ്യാറാവാതെ പ്രതിബദ്ധത പുലർത്തി , സൽക്കാരങ്ങളോ യാത്ര പ്രതിബന്ധങ്ങളോ ആ കർമ്മ സരണിയിൽ വിലങ്ങ് തടിയായില്ല. ഭയഭക്തിയുടെ ചൈതന്യം അങ്കുരിക്കുന്ന ഹൃദയത്തോടെ സധൈര്യം നേരിടുകയായിരുന്നു. എന്ത് കൊണ്ടും പുതുതലമുറക്ക് മാർഗ്ഗദർശിയാണു് ഗുലാം മഹ്‌മൂദ് ബനാത് വാല സാഹിബ്.
2008 ജൂൺ 26 ന് അന്ത്യകർമ്മങ്ങൾക്കായി ബോംബെയിൽ എത്തിച്ചേർന്നതും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായതും ഇന്നലത്തെപ്പോലെ ഇന്നുമോർക്കുന്നു. നാഥൻ സ്വർഗീയാരാമത്തിൽ ഒന്നിപ്പിക്കട്ടെ.