മൂട്ട ശല്യം രൂക്ഷം; തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിലെ നാല് വാർഡുകൾ അടച്ചു
പഴകിയ ബെഡ്ഡുകൾ മാറ്റാത്തതും കീടനാശിനി പ്രയോഗം ഫലപ്രദമല്ലാത്തതും മൂട്ടശല്യം കൂടാൻ കാരണമായെന്ന് രോഗികൾ
തിരുവനന്തപുരം: മൂട്ട ശല്യം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജിലെ നാല് വാർഡുകൾ അടച്ചു. എണ്ണത്തോണിയിൽ വരെ മൂട്ടകൾ നിറഞ്ഞതോടെ ചികിത്സയിലുള്ള രോഗികളോട് മടങ്ങി പോകാൻ ആശുപത്രി അധികൃതർ നിർദേശം നൽകി. അണുനശീകരണത്തിന് ശേഷമെ ഇനി വാർഡുകൾ തുറന്ന് നൽകൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
684 കിടക്കകളുള്ള മെഡിക്കൽ കോളജിൽ മൂട്ട ശല്യം രൂക്ഷമായിട്ട് വർഷങ്ങളായി. 900 പേരെ വരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ടെന്നിരിക്കെയാണ് വാർഡുകളിൽ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നത്. നാല് വാർഡുകൾ ഇതിനോടകം അടച്ചു. നിലവിൽ ചികിത്സയിലുള്ളവർ നാളെയ്ക്കുള്ളിൽ ആശുപത്രി വിടണമെന്നാണ് രോഗികൾക്ക് നൽകിയിരിക്കുന്ന നിർദേശം. പഴകിയ ബെഡ്ഡുകൾ മാറ്റാത്തതും കീടനാശിനി പ്രയോഗം ഫലപ്രദമല്ലാത്തതുമാണ് വീണ്ടും മൂട്ടശല്യം കൂടാൻ കാരണമെന്നാണ് രോഗികൾ പറയുന്നത്.
മുൻ വർഷത്തേക്കാൾ മൂട്ട ശല്യം കൂടിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് തന്നെ സമ്മതിക്കുന്നു. വർഷത്തിൽ ഏഴ് ലക്ഷം രൂപയാണ് മരുന്നടിക്കാൻ സർക്കാർ ആശുപത്രിയ്ക്ക് അനുവദിച്ചിരിക്കുന്നത്. തുക കൂടുതൽ ആവശ്യപ്പെട്ടാലും ലഭിക്കാറില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അതേസമയം മെഡിക്കൽ കോളജ് പൂർണമായും അടച്ചിട്ടിട്ടില്ലെന്നും മരുന്നടിച്ച ശേഷം വാർഡുകൾ തുറന്ന് നൽകുമെന്നും സൂപ്രണ്ട് അറിയിച്ചു.