കളിക്കളത്തിൽനിന്ന് കരുത്താർജിച്ച സൈദ്ധാന്തികൻ; പാർട്ടിക്കു വഴികാട്ടാൻ ഇനി ഗോവിന്ദൻ 'മാഷ്'

പാർട്ടിയിൽ ആശയപരമായ അഭിപ്രായ ഭിന്നതകൾ ഉണ്ടാവുമ്പോഴെല്ലാം പാർട്ടി പക്ഷത്തുനിന്ന് അതിന് സൈദ്ധാന്തിക വിശദീകരണം നൽകുന്നത് ഗോവിന്ദൻ മാഷാണ്.

Update: 2022-08-28 09:32 GMT
Advertising

കോഴിക്കോട്: കായികരംഗത്തുനിന്ന് ഉയർന്നുവന്ന് പാർട്ടി സൈദ്ധാന്തികനായ എം.വി ഗോവിന്ദൻ മാസ്റ്റർ ഇനി കേരളത്തിൽ സിപിഎമ്മിനെ നയിക്കും. കോടിയേരി ബാലകൃഷ്ണൻ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

വിദ്യാർഥി കാലഘട്ടത്തിൽ ലോങ്ജംപിലും ഹൈജംപിലും മിടുക്കനായ കായികതാരമായിരുന്നു എം.വി ഗോവിന്ദൻ. കായികവിദ്യാഭ്യാസത്തിൽ ഡിപ്ലോമ നേടി, 18 വയസ്സായപ്പോൾ പരിയാരം ഇരിങ്ങൽ യു.പി സ്‌കൂളിൽ കായികാധ്യാപകനായി. ഈയൊരു പശ്ചാത്തലത്തിൽനിന്നാണ് നിരന്തരമായ വായനയിലൂടെയും പഠനത്തിലൂടെയും അദ്ദേഹം കേരളത്തിൽ പാർട്ടിയുടെ അറിയപ്പെടുന്ന സൈദ്ധാന്തികനായി വളർന്നത്. കായികാധ്യാപകനായിരുന്ന എം.വി ഗോവിന്ദൻ പിന്നീട് പാർട്ടി ക്ലാസുകളിൽ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ തത്വങ്ങൾ ആഴത്തിൽ വിശദീകരിക്കാൻ ശേഷിയുള്ള അധ്യാപകനായി മാറുകയായിരുന്നു.

മൊറാഴയിലെ പരേതനായ കെ. കുഞ്ഞമ്പു - എം.വി മാധവി ദമ്പതികളുടെ മകനായ എം.വി ഗോവിന്ദൻ 1970 ലാണു പാർട്ടി മെമ്പറായത്. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്‌ഐ രൂപീകരണത്തിന് മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. ഡിവൈഎഫ്‌ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീട് സെക്രട്ടറിയുമായി. അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദനവും അനുഭവിച്ചു. 1991 ലാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തിയത്. 2006 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇതിനിടെ രണ്ടു തവണ (1996, 2001) തളിപ്പറമ്പിൽനിന്ന് നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.

1985 ലാണ് പി.കെ ശ്യാമളയെ വിവാഹം കഴിച്ചത്. ശ്യാമള അന്ന് സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നു. എം.വി രാഘവനും പി. ശശിയുമാണ് വിവാഹം നടത്താൻ മുൻകയ്യെടുത്തത്. ഔദ്യോഗികമായി അധ്യാപനരംഗത്ത് നിന്ന് വിടപറഞ്ഞ് സംഘടനാരംഗത്ത് ഇറങ്ങിയെങ്കിലും പഠിക്കാനും പഠിപ്പിക്കാനും തന്നെയായിരുന്നു ഗോവിന്ദൻ മാസ്റ്റർക്ക് താൽപര്യം. പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായി മാറിയ അദ്ദേഹം സൈദ്ധാന്തിക പ്രശ്‌നങ്ങളിൽ കേരളത്തിലെ പാർട്ടിയുടെ അവസാന വാക്കാണ്.

പാർട്ടിയിൽ ആശയപരമായ അഭിപ്രായ ഭിന്നതകൾ ഉണ്ടാവുമ്പോഴെല്ലാം പാർട്ടി പക്ഷത്തുനിന്ന് അതിന് സൈദ്ധാന്തിക വിശദീകരണം നൽകുന്നത് ഗോവിന്ദൻ മാഷാണ്. സ്വത്വരാഷ്ട്രീയം, മാവോയിസം, ഇടതുപക്ഷ തീവ്രവാദം തുടങ്ങിയ വിഷയങ്ങളിലെല്ലാം ചർച്ചകളുയർന്നപ്പോൾ ഗോവിന്ദൻ മാസ്റ്റർ പാർട്ടി നിലപാട് വിശദീകരിച്ച് പ്രവർത്തകർക്കിടയിലേക്കിറങ്ങി. ഡിവൈഎഫ്‌ഐ രൂപീകരണകാലത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് നാലു പതിറ്റാണ്ട് മുമ്പെഴുതിയ 'യുവജപ്രസ്ഥാനത്തിന്റെ ചരിത്രം ആശയസമരങ്ങളുടെ പശ്ചാത്തലത്തിൽ' എന്ന പുസ്തകം ഇപ്പോഴും ഇടതു യുവജനരാഷ്ട്രീയപ്രവർത്തകരുടെ സൈദ്ധാന്തിക ഗ്രന്ഥമാണ്.

സിപിഎം കോട്ടയായ തളിപ്പറമ്പിൽ 2021ലെ തെരഞ്ഞെടുപ്പിൽ 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.വി ഗോവിന്ദൻ ജയിച്ചുകയറിയത്. രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുമ്പോഴാണ് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പുതിയ പദവിയിലേക്ക് മാറിയ സാഹചര്യത്തിൽ ഗോവിന്ദൻ മാസ്റ്റർ മന്ത്രിസ്ഥാനമൊഴിയും. പകരം സ്പീക്കർ എം.ബി രാജേഷ്, കെ.കെ ശൈലജ, എ.സി മൊയ്തീൻ എന്നിവരിൽ ആരെങ്കിലും മന്ത്രിസഭയിലേക്ക് വരുമെന്നാണ് സൂചന.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News