വീണയുടെ കമ്പനി പൂട്ടി, മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെങ്കിൽ പൂട്ടില്ലല്ലോ: എം.വി ഗോവിന്ദൻ
"വീണ നികുതി അടച്ചിട്ടുണ്ട്, അതിൽ വ്യക്തത വരുത്തിയതിന് ശേഷമാണ് സംസാരിക്കുന്നത്. ഇക്കാര്യം ആർക്കും പരിശോധിക്കാം"
തിരുവനന്തപുരം:മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ പിന്തുണച്ച് സിപിഎം. വീണയുടെ കമ്പനി പൂട്ടിയെന്നും മുഖ്യമന്ത്രിയുടെ പിന്തുണയോടു കൂടിയാണ് കമ്പനി നടത്തിയതെങ്കിൽ അതിന്റെ അവസ്ഥ ഇങ്ങനെയാകുമോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
കോവിഡിന് പിന്നാലെ വീണയുടെ കമ്പനി പൂട്ടി. മുഖ്യമന്ത്രിയുടെ പിന്തുണയോടെയല്ല കമ്പനി പ്രവർത്തിക്കുന്നത് എന്നതിന്റെ തെളിവാണിത്. കരാറിന്റെ അടിസ്ഥാനത്തിലാണ് വീണയ്ക്ക് പണം കിട്ടിയത്. വീണ നികുതി അടച്ചിട്ടുണ്ട്, അതിൽ വ്യക്തത വരുത്തിയതിന് ശേഷമാണ് സംസാരിക്കുന്നത്. ഇക്കാര്യം ആർക്കും പരിശോധിക്കാം". ഗോവിന്ദൻ പറഞ്ഞു.
വീണയുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനും എം.വി ഗോവിന്ദൻ മറന്നില്ല. ചിന്നക്കനാലിൽ ഭൂമി വാങ്ങിയതിലെ നികുതി വെട്ടിപ്പിലും ഭൂനിയമം ലംഘിച്ചതിനും ഭൂമി മണ്ണിട്ട് നികത്തിയതിനും ബിസിനസ്സ് നടത്തിയതിനും റിസോർട്ട് നടത്തിയതിന് ഗസ്റ്റ് ഹൗസ് എന്നു പറഞ്ഞ് അപേക്ഷ നൽകിയതിനുമൊക്കെ കുഴൽനാടന് മറുപടിയുണ്ടോ എന്നാണ് സെക്രട്ടറി ചോദിച്ചത്.
മുൻ മന്ത്രി എ.സി മൊയ്തീനെതിരായ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് കൂട്ടിച്ചേർത്ത എം.വി ഗോവിന്ദൻ, ലോൺ കൊടുത്തതിൽ എ.സി മൊയ്തീന് പങ്കില്ലെന്നും വിശദീകരിച്ചു. വിഷയത്തിൽ മാധ്യമങ്ങൾ കള്ള പ്രചാരവേല നടത്തുന്നു എന്നാണ് ഗോവിന്ദന്റെ ആരോപണം. കേരളത്തിൽ ഇ.ഡി ശരിയെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നും പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് മൊയ്തീന്റെ വീട്ടിലെ റെയ്ഡ് എന്നും എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.