ലീഗിനെ കുറിച്ചുള്ള എം.വി ഗോവിന്ദന്റെ പ്രസ്താവന കോൺഗ്രസിന് കൂടിയുള്ള സർട്ടിഫിക്കറ്റ്: കെ.സി വേണുഗോപാൽ

ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്നിവരെക്കുറിച്ച് ഗുരുതരമായ പ്രസ്താവനകളാണ് സി.പി.എം നടത്തിയത്. ഇപ്പോൾ അത് തിരുത്തുന്നത് കോൺഗ്രസിന് കൂടിയുള്ള സർട്ടിഫിക്കറ്റാണെന്നും വേണുഗോപാൽ പറഞ്ഞു.

Update: 2022-12-12 05:22 GMT
Advertising

ന്യൂഡൽഹി: ലീഗിനെ കുറിച്ചുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന കോൺഗ്രസിന് കൂടിയുള്ള സർട്ടിഫിക്കറ്റാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ലീഗ് വർഗീയ പാർട്ടിയല്ലെന്ന് എം.വി ഗോവിന്ദൻ പറയുന്നത് സി.പി.എമ്മിന്റെ അവസരവാദ നിലപാടിന്റെ ഉദാഹരണമാണ്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്നിവരെക്കുറിച്ച് ഗുരുതരമായ പ്രസ്താവനകളാണ് സി.പി.എം നടത്തിയത്. ഇപ്പോൾ അത് തിരുത്തുന്നത് കോൺഗ്രസിന് കൂടിയുള്ള സർട്ടിഫിക്കറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗും കോൺഗ്രസും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമാണ്. മുന്നണി ബന്ധത്തിൽ ചെറിയ അസ്വാരസ്യങ്ങൾ സ്വാഭാവികമാണ്. ലീഗ് ചില വിഷയങ്ങളിൽ അവരുടെ ആശങ്ക പങ്കുവെക്കും. അത് പരിഹരിക്കലാണ് കോൺഗ്രസിന്റെ കടമ. അങ്ങനെ ചെയ്യുമ്പോൾ കോൺഗ്രസ ലീഗിന് വഴങ്ങി എന്നാണ് സി.പി.എം പറയാറുള്ളത്. ഇപ്പോൾ ഗോവിന്ദൻമാഷ് തന്നെ അത് തിരുത്തിയെന്നും വേണുഗോപാൽ പറഞ്ഞു.

മുന്നണി വിടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്ന് ലീഗ് നേതൃത്വം തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങൾ സി.പി.എമ്മിന് എതിരായതിന്റെ അങ്കലാപ്പിലാണ് ഇപ്പോൾ ലീഗിനെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്നത്. സർക്കാർ വികാരത്തിൽനിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സി.പി.എം നേതൃത്വം നടത്തുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News