'ആദ്യം വാറോല കൈപ്പറ്റട്ടെ'; സസ്‌പെൻഷനില്‍ പരിഹാസവുമായി എൻ. പ്രശാന്ത്

'എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കൽ നടക്കില്ല. ശരിയെന്ന് കരുതുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല'

Update: 2024-11-12 06:53 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സസ്‌പെൻഷൻ നടപടിയെ പരിഹസിച്ച് എൻ. പ്രശാന്ത് ഐഎഎസ്. വാറോല കൈപ്പറ്റിയ ശേഷം കൂടുതൽ പ്രതികരിക്കുമെന്നും എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കൽ നടക്കില്ലെന്നും പ്രശാന്ത് പറഞ്ഞു. ശരിയെന്ന് കരുതുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുള്ള അവകാശമാണെന്നും എൻ. പ്രശാന്ത് പറഞ്ഞു.

ചീഫ് സെക്രട്ടറിയിൽനിന്ന് സസ്‌പെൻഷൻ ഉത്തരവ് കൈപറ്റാനായി സെക്രട്ടറിയേറ്റിലേക്കു പുറപ്പെടുന്നതിനുതൊട്ടുമുൻപാണ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷനാണ്. സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോൾ പോലും സസ്‌പെൻഷൻ കിട്ടിയിട്ടില്ല. സസ്‌പെൻഷൻ ഉത്തരവ് കൈപ്പറ്റിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന അനുവദിക്കുന്ന അഭിപ്രായസ്വാതന്ത്ര്യമുണ്ട്. മൗലികാവകാശങ്ങളുടെ ഭാഗമാണിത്. ശരിയെന്നു കരുതുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നാണു വിശ്വസിക്കുന്നത്. പെരുമാറ്റച്ചട്ടം മാത്രമാണ് ഞങ്ങൾക്ക് ബാധകമായിട്ടുള്ളത്. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറുന്നതിൽ തെറ്റില്ല. ഭരണഘടന നൽകുന്ന അവകാശങ്ങളാണ് ഞാൻ പറയുന്നത്. അതിന് കോർണർ ചെയ്യേണ്ട ആവശ്യമില്ലെന്നും താൻ നിയമം പഠിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു.

അഡിഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ നടത്തിയ 'ചിത്തരോഗി' പരാമർശം ഭാഷാപരമായ പ്രയോഗം മാത്രമാണെന്നും അദ്ദേഹം വാദിച്ചു. മലയാളത്തിൽ ഇത്തരത്തിൽ നിരവധി പഴംചൊല്ലുകളും പ്രയോഗങ്ങളുമുണ്ട്. എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കൽ നടക്കില്ലെന്നും പ്രശാന്ത് വ്യക്തമാക്കി.

ജയതിലകിനും വ്യവസായ വകുപ്പ് ഡയരക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനുമെതിരെ സോഷ്യൽ മീഡിയിൽ നടത്തിയ പരസ്യ വിമർശനത്തിനു പിന്നാലെയാണ് എ. പ്രശാന്തിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിച്ചിരുന്നു. രണ്ടുപേരെയും സസ്‌പെൻഡ് ചെയ്താണ് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. ചീഫ് സെക്രട്ടറിയുടെ ശിപാർശ പ്രകാരമായിരുന്നു നടപടി.

Summary: N Prashant IAS mocks suspension order, says freedom of expression is everyone's right

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News