സുപ്രഭാതം പത്രത്തിലെ പരസ്യ വിവാദം: വീഴ്ച വരുത്തിയവർക്ക് ശാസന

‘പരസ്യം സമസ്തയുടെയും സുപ്രഭാതത്തിന്റെയും നയനിലപാടുകൾക്ക് നിരക്കാത്തത്​’

Update: 2024-12-04 04:04 GMT
Advertising

കോഴിക്കോട്​: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തലേന്ന് സുപ്രഭാതം പത്രത്തിൽ എൽഡിഎഫ് പരസ്യം വന്നതിൽ ജീവനക്കാർക്ക് ശാസന. ഇടതുമുന്നണിയുടെ പരസ്യം സമസ്തയുടെയും സുപ്രഭാതത്തിന്റെയും നയനിലപാടുകൾക്ക് നിരക്കാത്തതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടിയെന്നും പ്രസ്​താവനയിൽ വ്യക്​തമാക്കി.

നവംബർ 19ന് സുപ്രഭാതം പാലക്കാട് എഡിഷൻ പ്രസിദ്ധീകരിച്ച ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യവുമായി ബന്ധപ്പെട്ട് സുപ്രഭാതത്തിനു വലിയ വീഴ്ചയും ശ്രദ്ധക്കുറവും സംഭവിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ചെയർമാൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ഇത് സുപ്രഭാതത്തെ സ്നേഹിക്കുന്നവരെ ദുഃഖിപ്പിച്ചിട്ടുമുണ്ട്.

സുപ്രഭാതത്തിന്റെറെ നിലവിലെ നയം അനുസരിച്ച് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ അനുവാദമുണ്ട്. തദടിസ്ഥാനത്തിൽ കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ഇരു മുന്നണികളുടെയും പരസ്യങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, പാലക്കാട് എഡി ഷനിൽ ഇടതു മുന്നണിയുടേതായി അച്ചടിച്ചുവന്ന പരസ്യത്തിന്റെ ഉള്ളടക്കം സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെയും സുപ്രഭാതത്തി​െൻറയും നിലപാടുകൾക്ക് നിരക്കാത്തതായിരുന്നു.

ബഹുജനമധ്യത്തിൽ പത്രത്തിൻ്റെ നിലവാരം തകർക്കുയോ ഏതെങ്കിലും പാർട്ടിയെ സഹായിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ആരും പ്രവർത്തിച്ചിട്ടില്ലെങ്കിലും ജീവനക്കാരിൽ ബന്ധപ്പെട്ടവർക്ക് അശ്രദ്ധമായ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.

അവരെ വിളിച്ചുവരുത്തി സുപ്രഭാതത്തിന്റെ കാര്യത്തിൽ നയലംഘനം അനുവദിക്കില്ലെന്ന് കർശന ഭാഷയിൽ ശാസന നൽകിയതായും ചെയർമാൻ അറിയിച്ചു. ഇത്തരം തെറ്റുകൾ ആവർത്തിക്കുന്നപക്ഷം മുന്നറിയിപ്പില്ലാത്ത ശിക്ഷണ നടപടി ഉറപ്പായിരിക്കുമെന്ന് താക്കീത് ചെയ്തിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News