ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ മർദിച്ച് കൊന്നതായി പരാതി
ഹൃദ്രോഗിയായിരുന്നു വിഷ്ണു, അടിയേറ്റയുടൻ തന്നെ കുഴഞ്ഞു വീണു
ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചു കൊന്നതായി പരാതി. ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയുമായി ഒന്നരവർഷമായി പിണങ്ങിക്കഴിയുകയായിരുന്നു വിഷ്ണു. കഴിഞ്ഞ ദിവസം മകനെ ഏല്പ്പിക്കാൻ എത്തിയപ്പോൾ യുവതിയുടെ ബന്ധുക്കളുമായി വാക്കുതർക്കമുണ്ടായി. ഇത് ആക്രമണത്തിൽ കലാശിക്കുകയും വിഷ്ണുവിന് ക്രൂരമർദനമേൽക്കുകയുമായിരുന്നു. യുവാവിനെ കമ്പിവടി കൊണ്ട് വരെ അടിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഹൃദ്രോഗിയായിരുന്നു വിഷ്ണു. അടിയേറ്റയുടൻ തന്നെ കുഴഞ്ഞു വീഴുകയും ചെയ്തു. ഉടൻ തന്നെ കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസിന് കുടുംബം പരാതി നൽകിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല. വഴക്കുണ്ടായതിന്റെ പേരിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു എന്നാണ് പൊലീസ് നൽകുന്ന വിവരം.