കേരളത്തിൽ നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നു; നജീബ് കാന്തപുരം
ഏത് കുട്ടിയും വലയിൽ വീണു പോകും വിധമാണ് ഇതിന്‍റെ നെറ്റ്‌വർക്കെന്നും പെരിന്തല്‍മണ്ണ എംഎല്‍എ ആരോപിച്ചു
കേരളത്തിൽ അതി ഭീകരമായ നാർക്കോട്ടിക് മാഫിയ പിടിമുറുക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം. ഈ കോവിഡ് കാലത്ത് നാർക്കോ സംഘങ്ങളുടെ ശൃംഖല ശക്തമായി വല വിരിച്ചിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പരാമര്‍ശം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് നജീബ് കാന്തപുരം ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തുവന്നിരിക്കുന്നത്.
പെൺകുട്ടികളടക്കം പിഞ്ചു കുട്ടികളെ പോലും ശൃംഖലയുടെ കണ്ണികളാക്കി മാറ്റാൻ വളരെ വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. പണമുണ്ടാക്കാൻ ഏത് വൃത്തി കെട്ട വഴിയും സ്വീകരിക്കുന്ന വലിയൊരു സംഘം ഇതിന് പിറകിലുണ്ട്. ഏത് കുട്ടിയും വലയിൽ വീണു പോകും വിധമാണ് ഇതിന്‍റെ നെറ്റ്‌വർക്കെന്നും പെരിന്തല്‍മണ്ണ എംഎല്‍എ ആരോപിച്ചു.
"പാലാ ബിഷപ്പ് ആരോപിച്ച തരത്തിലല്ല ഇതിന്‍റെ വ്യാപ്തി. ഈ ലഹരി മാഫിയക്ക് മതം മാത്രമല്ല. കണ്ണും മൂക്കുമില്ല. ഹൃദയവുമില്ല. പണക്കൊതി മാത്രമെയുള്ളൂ. ഭരണ കൂടവും പൊതുജനങ്ങളും ഓരോ കുടുംബവും അതീവ ജാഗ്രത പുലർത്തണം. വെറുതെ മതങ്ങളെ ചാർത്തി ഈ വിഷയത്തെ അതിന്‍റെ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് വഴിതിരിച്ച് വിടരുത്. അത് തെറ്റും ദുരുദ്ദേശപരവുമാണ്." - നജീബ് കാന്തപുരം പറയുന്നു.
ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ലവ് ജിഹാദിലൂടെയും നാര്‍ക്കോട്ടിക് ജിഹാദിലൂടെയും വഴിതെറ്റിക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചത്. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ബിഷപ്പിന്‍റെ പരാമര്‍ശം.
ലവ് ജിഹാദിന്‍റെ ഭാഗമായി പല പെണ്‍കുട്ടികളും മതം മാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്‍ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പ് പറഞ്ഞത്. പരാമര്‍ശം ഒട്ടനവധി വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്.