ഇന്ത്യ-പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയത; സോഷ്യൽമീഡിയ ഫ്രീ സ്‌പേസെന്നും ഉണ്ണി മുകുന്ദൻ

സോഷ്യൽമീഡിയയെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും താനുമായി ആരെങ്കിലും തെറ്റിയാൽ പോലും അത് തിരുത്താൻ പോവാറില്ലെന്നും നടൻ അഭിപ്രായപ്പെട്ടു.

Update: 2023-01-27 14:46 GMT
Advertising

ദേശീയതയെ കുറിച്ചുള്ള നിലപാട് ആവർത്തിച്ച് നടൻ ഉണ്ണി മുകുന്ദൻ. നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അത് തനിക്ക് വേദനിക്കുമെന്നും ഇതൊരു രാഷ്ട്രീയ പ്രസ്താവനയായി കരുതുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ-പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയതയെന്നും നടൻ പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദൻ.

ഒരാളുടെ ദേശീയതയും രാഷ്ട്രബോധവുമൊക്കെ അയാളുടെ ജാതിയും മതവും വച്ച് നിർണയിക്കുന്ന പ്രവണതയെ താൻ അനുകൂലിക്കുന്നില്ലെന്നും അത്തരമൊരു കാര്യത്തിന് താനൊരിക്കലും കൂട്ടുനിന്നിട്ടില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി നടൻ പറഞ്ഞു. അത്തരമൊരു നിലപാട് തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും തന്റെ സിനിമകളിലൂടെ പറഞ്ഞിട്ടില്ലെന്നും നടൻ അഭിപ്രായപ്പെട്ടു.

ദേശീയതയെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നെന്നും പക്ഷേ അതേക്കുറിച്ച് വിശദീകരണമൊന്നും താൻ കൊടുത്തിട്ടില്ലെന്നും നടൻ അവകാശപ്പെട്ടു. താനുമായി ആരെങ്കിലും തെറ്റിയാൽ, വാക്കുതർക്കമുണ്ടായാൽ പോലും ഞാനത് തിരുത്താൻ പോവാറില്ല.

അതേസമയം, സോഷ്യൽമീഡിയയെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും അതൊരു ഫ്രീ സ്‌പേസാണെന്നും നടൻ അഭിപ്രായപ്പെട്ടു. 'മാളികപ്പുറം' സിനിമ അയ്യപ്പവിശ്വാസികളെ രോമാഞ്ചം കൊള്ളിക്കുന്നതായിരിക്കും എന്ന് റിലീസിന് മുമ്പേ താൻ വാഗ്ദാനം കൊടുത്തതാണ്. അത് അതുപോലെ സംഭവിച്ചെന്നും നടൻ അവകാശപ്പെട്ടു.

നടന്റെ വാക്കുകൾ-

ഞാനെന്റെ രാഷ്ട്രീയ നിലപാടൊന്നും പറഞ്ഞിട്ടില്ല. യഥാർഥത്തിൽ രാജ്യത്തോടുള്ള എന്റെ ഇഷ്ടത്തേയും ആത്മാർഥതയേയും കുറിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരു ദേശീയവാദ പ്രത്യയശാസ്ത്രം എനിക്കുണ്ട്. അത് മാറ്റിവയ്ക്കാൻ പറ്റില്ല. തൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് ആണോയെന്ന് ചോദിച്ചാൽ ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല.

നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അതെനിക്ക് വേദനിക്കും. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ് എന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ-പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയത.

ഒരാളുടെ ദേശീയതയും രാഷ്ട്രബോധവുമൊക്കെ അവന്റെ ജാതിയും മതവും വച്ച് നിർണയിക്കുന്ന പ്രവണതയുമുണ്ട്, അതിനെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് ശരിയല്ലെന്നും അത്തരമൊരു കാര്യത്തിന് താനൊരിക്കലും കൂട്ടുനിന്നിട്ടില്ലെന്നും നടൻ പറഞ്ഞു. അത്തരമൊരു നിലപാട് തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തന്റെ സിനിമകളിലൂടെയോ പറഞ്ഞിട്ടില്ല.

ചിലർ പ്രതീക്ഷിക്കുന്നത് താൻ സംസാരിച്ചിട്ടുണ്ടാവില്ല, ചില കാര്യങ്ങൾ ചെയ്തിട്ടുണ്ടാവില്ല. അത് വ്യക്തിപരമായ ശരിയും തെറ്റും അടിസ്ഥാനമാക്കിയാണല്ലോ?. ആ രീതിയിൽ പോവാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയാണെങ്കിൽ എത്രയോ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കാംപയിൻ ചെയ്ത നടന്മാർ ഇവിടെയുണ്ടല്ലോ? അവരോട് ഒരു ചോദ്യവും ഉണ്ടാവുന്നില്ല.

അപ്പോൾ, ദേശീയതയെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. പക്ഷേ ഇതേക്കുറിച്ച് വിശദീകരണമൊന്നും താൻ കൊടുത്തിട്ടില്ല. ഞാനുമായി ആരെങ്കിലും തെറ്റിയാൽ, വാക്കുതർക്കമുണ്ടായാൽ പോലും ഞാനത് തിരുത്താൻ പോവാറില്ല.

എന്റെ ഭാഗത്ത് ന്യായമുണ്ടെങ്കിലും ഒരിക്കലും തിരുത്തി ഞാനിങ്ങനെയാണ് ഉദ്ദേശിച്ചതെന്ന് പറയാറില്ല. കാരണം ആ വ്യക്തി സ്വയം അത് കണ്ടെത്തേണ്ടതാണ്. മനസിലാക്കേണ്ടതാണ്. കാരണം 15-16 വയസിന് മുകളിലുള്ള എല്ലാവർക്കും നോർമലായിട്ട് ചിന്തിക്കാനുള്ള കഴിവുണ്ട്.

അതേസമയം, സോഷ്യൽമീഡിയയെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും അതൊരു ഫ്രീ സ്‌പേസാണെന്നും നടൻ അഭിപ്രായപ്പെട്ടു. നിങ്ങളിങ്ങനെ ചെയ്താൽ അത് നന്നാവുമെന്ന് പറയാനുള്ള കരുത്തെനിക്കില്ല. കാരണം പൂർണമായിട്ടുള്ള എനർജി എന്റെ സിനിമകൾ നന്നാക്കാനും എന്നിലെ നടനെ വളർത്താനുമാണ് ഞാൻ ശ്രദ്ധിക്കുന്നത്.

മാളികപ്പുറം നല്ലൊരു സിനിമയായിരിക്കും, അയ്യപ്പവിശ്വാസികളെ രോമാഞ്ചം കൊള്ളിക്കുന്നതായിരിക്കും എന്ന് റിലീസിന് മുമ്പേ ഞാൻ വാഗ്ദാനം കൊടുത്തതാണ്. ഇപ്പോൾ അതിന്റെ റിവ്യൂകൾ കേൾക്കുമ്പോഴും തന്റെ വാക്കുകൾ അവർക്ക് ശരിയായി തോന്നിയെന്ന് സിനിമയുടെ കലക്ഷനും മറ്റും കാണുമ്പോൾ മനസിലാവുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News