പൊതുപരിപാടിക്ക് പാർക്ക് അനുവദിച്ചതെന്തിനെന്ന് കോടതി; നവകേരള സദസ്സ് വേദി മാറ്റാമെന്ന് സർക്കാർ
പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ഹൈക്കോടതിയിൽ ഹാജരായി
കൊച്ചി: പുത്തൂർ സുവോളജിക്കൽ പാർക്കിലെ നവ കേരള സദസിന്റെ വേദി ആവശ്യമെങ്കിൽമാറ്റാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സുവോളജിക്കൽ പാർക്ക് ഡയറക്ടർ ഹൈക്കോടതിയിൽ ഹാജരായി.എന്തിനാണ് പൊതുപരിപാടിക്ക് സുവോളജിക്കൽ പാർക്ക് അനുവദിച്ചതെന്ന് കോടതി ചോദിച്ചു. പരിപാടി നടക്കുന്നത് പാർക്കിംഗ് ഏരിയയിലാണെന്നും ശബ്ദ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടർ കോടതിയെ അറിയിച്ചു.
മൃഗശാലയ്ക്ക് പുറത്ത് കാർ പാർക്കിങ്ങിലാണ് പരിപാടി നടത്തുന്നതെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ കാർ പാർക്കിങ്ങും സുവോളജിക്കൽ പാർക്കിന്റെ ഭാഗമാണെന്നാണ് ഹരജിക്കാരൻ അറിയിച്ചത്. തുടർന്നാണ് പരിപാടി നടത്തിപ്പിനെ സംബന്ധിച്ചുള്ള വിശദീകരണംനൽകാൻ ഡയറക്ടറോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചത്.
അതേസമയം, നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയിൽ ആരംഭിക്കും. 12 മണ്ഡലങ്ങളിലായി 3 ദിവസമാണ് ജില്ലയിൽ പരിപാടി നടക്കുക. ഷൊർണൂരിലാണ് പ്രഭാത യോഗം. തുടർന്ന് തൃത്താലയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കും. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പാലക്കാട് ജില്ലയിൽ എത്തി . ഇവരുടെ വാഹനം അതിർത്തിയിൽ എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അതേസമയം, ജില്ലയിലെ നെല്ല് കർഷകരുടെ ഉൾപ്പടെ പ്രശ്നങ്ങൾ സദസിൽ ചർച്ചയാകും.