നെഹ്റു ട്രോഫി വള്ളംകളി: ഫൈനൽ വിധിക്കെതിരായ പരാതികളിൽ തീരുമാനം വൈകും
കൂടുതൽ ദൃശ്യങ്ങളും രേഖകളും പരിശോധിക്കാനുണ്ടെന്ന് എൻടിബിആർ ചെയർമാനായ കലക്ടർ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനൽ വിധിനിർണയത്തിനെതിരായ പരാതികളിൽ തീരുമാനം വൈകും. കൂടുതൽ ദൃശ്യങ്ങളും രേഖകളും പരിശോധിക്കാനുണ്ടെന്ന് എൻടിബിആർ ചെയർമാനായ കലക്ടർ അറിയിച്ചു. അപ്പീൽ കമ്മിറ്റി പ്രാഥമിക ചർച്ചകൾ കഴിഞ്ഞു. പരാതികൾ ജൂറി ഓഫ് അപ്പീൽ കമ്മിറ്റി കേട്ടുവെന്നും കമ്മിറ്റി വീണ്ടും യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്നും കലക്ടർ വ്യക്തമാക്കി. നെഹ്‌റു ട്രോഫി ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിലെ ഫലത്തെചൊല്ലിയാണ് പരാതി ഉയർന്നത്.
കാരിച്ചാൽ ചുണ്ടനാണ് വള്ളംകളിയിൽ ഒന്നാമതെത്തിയത്. ഫോട്ടോഫിനിഷിൽ ആയിരുന്നു വീയപുരം ചുണ്ടനെ മറികടന്ന് കാരിച്ചാൽ ഈ നേട്ടം സ്വന്തമാക്കിയത്. എന്നാൽ വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന സംശയം ഉയരുകയും ഫലനിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് തർക്കം ഉണ്ടാവുകയുമായിരുന്നു. സ്റ്റാർട്ടിങ്ങിൽ അപാകതയുണ്ടെന്ന് ആരോപിച്ച് മൂന്നാം സ്ഥാനക്കാരായ നടുഭാഗം ചുണ്ടൻ തുഴഞ്ഞ ടീമും രംഗത്ത് വന്നിരുന്നു.