നിപ: 61 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ഒൻപതു വയസുകാരനടക്കം നാല് പേരുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് വീണാ ജോർജ്
നിലവിൽ 994 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്
Update: 2023-09-20 07:25 GMT
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ വൈകിട്ട് പരിശോധിച്ച 61 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒൻപതു വയസുള്ള കുട്ടിയടക്കം നാല് പേരുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ഐസൊലേഷൻ കാലാവധി പൂർത്തിയായതിനാൽ നിലവിൽ 994 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.
കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കുന്ന കാര്യങ്ങൾ ഈ മാസം 22 ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. നിലവില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ഏഴ് വാര്‍ഡുകളിലും, ഫറോക്ക് നഗരസഭ പരിധിയിലുമാണ് കണ്ടെയ്ന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങളുള്ളത്.