നിപ: അതിർത്തിയിൽ പരിശോധനയുമായി തമിഴ്നാട് സർക്കാർ

വാഹനത്തിലെത്തുന്ന മുഴുവൻ ആളുകളെയും പരിശോധിക്കുന്നുണ്ട്

Update: 2024-07-22 08:35 GMT
Advertising

പാലക്കാട്: കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ചതിന് പിന്നാലെ അതിർത്തിയിൽ പരിശോധന ആരംഭിച്ച് തമിഴ്നാട് സർക്കാർ.  കേരളത്തിൽ നിന്നുള്ളവരെയാണ് തമിഴ്നാട് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ അതിർത്തിയിൽ പരിശോധിക്കുന്നത്. പാലക്കാട് വാളയാർ അതിർത്തിയിലാണ് തമിഴ്നാട് പരിശോധിക്കുന്നത്. 

ശരീര താപനില ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ടുപേരും ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരിശോധന  ആരംഭിച്ചത്.

അ​തേസമയം, പാണ്ടിക്കാട് 14 വയസുകാരന് നിപ ബാധിച്ചത് കാട്ടമ്പഴങ്ങയിൽ നിന്നാണെന്ന് പ്രാഥമിക നിഗമനം. ഐ.സി.എം.ആര്‍ സംഘം വിശദമായ പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. 

14 കാരന് നിപ വന്നതിൻ്റെ ഉറവിടം ആരോഗ്യ വകുപ്പ് ഏതാണ്ട് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. അതേസമയം കുട്ടിയുടെ സുഹൃത്തുക്കളാരും കാട്ടമ്പഴങ്ങ കഴിച്ചിട്ടില്ല. കുട്ടി അമ്പഴങ്ങ ഭക്ഷിച്ച സ്ഥലത്ത് വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും ഉൾപെടെ 13 പേരുടെ പരിശോധന ഫലം ഇന്ന് വരും. ഐ.സി.എം.ആർ സംഘം മഞ്ചേരി മെഡിക്കൽ കോളജ് സന്ദർശിക്കും. നിപയുടെ ഉറവിടം സംബന്ധിച്ച പരിശോധനയിൽ ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞരും പങ്കാളികളാകും. പുന്നെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബ് എത്തുന്നതോടെ പരിശോധനകൾ വേഗത്തിലാകും.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News