32 വർഷമായി ആനുകൂല്യ വർദ്ധനവില്ല; തോട്ടം തൊഴിലാളികൾക്ക് നേരെ മുഖംതിരിച്ച് അധികൃതർ
ആനുകൂല്യങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്ന് പറയുമ്പോഴും കാലാനുസൃതമായ വർദ്ധന ഇല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇടുക്കി: തോട്ടം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കുന്നില്ലെന്ന് പരാതി. 32 വർഷമായി ക്ഷാമബത്തയിൽ ഉണ്ടായത് കേവലം 2 പൈസയുടെ വർദ്ധന മാത്രമാണ്. ട്രാവലിംഗ്, വാഷിംഗ് അലവൻസുകളിലും സ്ഥിതി വ്യത്യസ്തമല്ല. ആനുകൂല്യങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്ന് പറയുമ്പോഴും കാലാനുസൃതമായ വർദ്ധന ഇല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് മൂന്നര ലക്ഷം പേർ തോട്ടം മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എട്ട് മണിക്കൂർ ജോലിക്ക് തേയില,കാപ്പി തോട്ടങ്ങളിൽ ഫീൽഡ് വർക്കേഴ്സിന് 308 രൂപ 21 പൈസയും ഫാക്ടറി വർക്കേഴ്സിന് 311 രൂപ 46 പൈസയുമാണ് അടിസ്ഥാന ശമ്പളം.ഡി.എ 113 രൂപ 05 പൈസ.1990 ൽ 5 പൈസയും 96 ൽ 6 പൈസയും 2020 ൽ 7 പൈസയുടെയും വർധനവാണ് ഡി.എ യിൽ ഉണ്ടായിരിക്കുന്നത്.അതായത് 32 വർഷത്തിനിടെയുണ്ടായ വർദ്ധനവ് കേവലം 2 പൈസ മാത്രം.
ട്രേഡ് യൂണിയൻ,മാനേജ്മെന്റ്,സർക്കാർ പ്രതിനിധികൾ ഉൾപ്പെടുന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റിയാണ് തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് ഭേദഗതികൾക്കായി സർക്കാരിന് ശുപാർശ ചെയ്യുന്നത്.2020 ൽ കൂടിയ കമ്മിറ്റിയിൽ അടിസ്ഥാന ശന്പളത്തിൽ 52 രൂപയുടെ വർദ്ധനവ് വരുത്തിയെങ്കിലും ക്ഷാമബത്ത നിലവിലുള്ളത് തുടരാനായിരുന്നു തീരുമാനം.മാത്രവുമല്ല ട്രാവലിംഗ് അലവൻസടക്കമുള്ള മറ്റാനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ട്രേഡ് യൂണിയനുകളും ആവശ്യപ്പെട്ടിട്ടില്ല.
നിത്യോപയോഗ സാധനങ്ങളുടെ വിപണി വിലയെ ആനുപാതികമാക്കിയാണ് ഡി.എ നിശ്ചയിക്കുന്നത്.സാധനങ്ങളുടെ വിലയിൽ കാര്യമായ വർദ്ധനവില്ലെന്ന് പ്ലാന്റേഷൻ ലേബർ കമ്മിറ്റി വിലയിരുത്തുമ്പോഴും ഇരട്ടിയിലധികം വില വർദ്ധിച്ചുവെന്നാണ് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് വ്യക്തമാക്കുന്നത്.