കെ.ടി ജലീലിന് സഭയിൽ പ്രത്യേക പ്രിവിലേജ് ഇല്ല; ക്ഷുഭിതനായി സ്പീക്കർ
സമയം കഴിഞ്ഞും സംസാരിച്ചതിന് സ്പീക്കർ കെ.ടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്തു.


തിരുവനന്തപുരം: സഭയിൽ കെ.ടി ജലീലിനോട് ക്ഷുഭിതനായി സ്പീക്കർ എ.എൻ ഷംസീർ. കെ.ടി ജലീലിന് സഭയിൽ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും കാണിക്കുന്നത് ധിക്കാരമാണെന്നും സ്പീക്കർ പറഞ്ഞു.
സമയം കഴിഞ്ഞും സംസാരിച്ചതിന് സ്പീക്കർ കെ.ടി ജലീലിന്റെ മൈക്ക് ഓഫ് ചെയ്തു. ജലീൽ ചെയറിനെ ബഹുമാനിച്ചില്ലെന്നും മര്യാദ കാണിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു. ആവശ്യപ്പെട്ടിട്ടും സംസാരം അവസാനിപ്പിക്കാൻ തയാറായില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
അതേസമയം, സർവകലാശാലകളുടെ അന്താരാഷ്ട്ര റാങ്കിങ്ങിനെ വിമർശിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി മന്ത്രി ആർ. ബിന്ദു രംഗത്തെത്തി. 'എൻറെ പൊന്നു സുഹൃത്തേ, സ്വകാര്യ സംഘടനകൾ നൽകുന്ന അവാർഡ് അല്ല ഇത്' എന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാര സൂചികയാണ് സർവകലാശാലകളെ റാങ്ക് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന നേതാവിന് ഇതൊക്കെ പഠിക്കാനുള്ള ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. അവാർഡ് കൊടുക്കുന്ന സംഘടനകളെ നേരിട്ട് കണ്ടാൽ അവർക്ക് അവാർഡ് കൊടുക്കണം എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പരാമർശം.
യുഡിഎഫ് ഭരണകാലത്ത് കേരളത്തെ പൊതു സർവകലാശാലകളുടെ അവസ്ഥ എന്തായിരുന്നു എന്നും മന്ത്രി ചോദിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ ഇരുണ്ട കാലമായിരുന്നു യുഡിഎഫ് ഭരണകാലം. എത്ര വിദ്യാലയങ്ങളാണ് അന്ന് പൂട്ടിപ്പോയത്.
അതിൽനിന്ന് നേരെ വിപരീതമായ നിലപാടാണ് പിണറായി സർക്കാരിന്റേത്. ആരോഗ്യകരമായ മത്സരങ്ങൾക്ക് ഇന്ന് കേരളത്തിലെ പൊതു സർവകലാശാലകൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.