അന്വേഷണത്തിന് സ്റ്റേ ഇല്ല: വധഗൂഢാലോചനക്കേസിൽ ദിലീപിന് തിരിച്ചടി
ഹരജിയിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി വ്യക്തമാക്കി
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹൈക്കോടതിയിൽ നടന്‍ ദിലീപിന് തിരിച്ചടി. കേസ് അന്വേഷണത്തിന് സ്റ്റേയില്ല. ഹരജിയിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി വ്യക്തമാക്കി. ദിലീപിന്‍റെ ഹരജി ഈ മാസം 28ന് പരിഗണിക്കാൻ മാറ്റി.
കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. എന്നാൽ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. കേസുമായി ബന്ധമില്ലാത്ത വാട്സ്ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് ദിലീപിന്റെ വാദം. ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് ഹരജിയില്‍ വിശദീകരിച്ചു.
എന്നാല്‍ വധഗൂഢാലോചനക്കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി.