കേരളത്തിലെ മദ്രസയല്ല ഉത്തരേന്ത്യയിലേത്; കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദേശം എങ്ങനെ ബാധിക്കും? | Explainer Story |

കേരളത്തിലെ മദ്രസകൾ ഏറെക്കുറെ പൂർണമായും മുസ്‌ലിംകൾ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തി നടത്തുന്നതാണ്. മദ്രസകളുടെ നിർമാണത്തിനും അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനും സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്നില്ല.

Update: 2024-10-15 08:26 GMT
Editor : rishad | Reporter : റിഷാദ് അലി
Advertising

മദ്രസ ബോർഡുകൾ പിരിച്ചുവിടണമെന്നും മദ്രസകൾക്ക് സർക്കാർ നൽകുന്ന ധനസഹായം നിർത്തലാക്കണമെന്നുമുള്ള കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഏറെ വിവാദമായിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങളും പ്രതിഷേധങ്ങളും ഈ നിർദേശത്തിനെതിരെ ഉയരുന്നുണ്ട്. മദ്രസ വിദ്യാഭ്യാസം മതേതര മൂല്യങ്ങൾക്ക് എതിരാണെന്നും പൊതുവിദ്യാഭ്യാസത്തിന് തടസമാകുന്നുവെന്നുമൊക്കെയാണ് ബാലാവകാശ കമ്മീഷന്‍ ആരോപിക്കുന്നത്.

എന്താണ് മദ്രസ? കേരളത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

മദ്രസ എന്ന അറബി വാക്കിന് അർഥം പാഠശാല എന്നാണ്. ഇസ്‍ലാം ഇന്ത്യയിൽ എത്തിയ കാലത്തുതന്നെ മദ്രസകൾ ആരംഭിച്ചിരുന്നു. ഇസ്‍ലാം മതപാഠങ്ങൾക്കു പുറമെ അറബി, പേർഷ്യൻ തുടങ്ങിയ ഭാഷകളും ആദ്യകാലം മുതൽക്കെ ഇന്ത്യൻ മദ്രസകളിൽ പഠിപ്പിച്ചിരുന്നു. ഭാഷാപഠനത്തിനായി മുസ്‌ലിംകൾ അല്ലാത്തവരും മദ്രസകളെ ആശ്രയിച്ചിരുന്നു എന്നത് ചരിത്രം.

"ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്" എന്ന പേരിൽ വിഖ്യാതനായ രാജാറാം മോഹൻറോയ്, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസദ് തുടങ്ങിയവർ മദ്രസയിൽ പഠനം നടത്തിയിട്ടുള്ളവരാണ്. ബംഗാളിലെ മദ്രസ ആലിയയിലും പട്നയിലെ മദ്രസ മുജിബിദയിലും പഠനം നടത്തിയ രാജാറാം മോഹൻ റോയ് അറബിനാമമുള്ള ഒരു പേർഷ്യൻ ഗ്രന്ഥം (തുഹ്ഫത്തുൽ മുവഹ്ഹിദീൻ) രചിച്ചിട്ടുമുണ്ട്.


കേരളത്തിൽ ആദ്യകാലങ്ങളിൽ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു മദ്രസകൾ പ്രവർത്തിച്ചിരുന്നത്. രാവിലെയോ വൈകുന്നേരമോ ഏതാനും മണിക്കൂറുകളിൽ ഇസ്‍ലാം മതത്തിന്റെ പ്രാഥമിക കാര്യങ്ങളും അറബി ഭാഷയുമാണ് അവിടങ്ങളിൽ പഠിപ്പിച്ചിരുന്നത്. പിന്നീട്, മദ്രസകൾ സ്വന്തമായുള്ള കെട്ടിടങ്ങളിലേക്കു മാറുകയും പ്രത്യേക സിലബസുകൾ തയാറാക്കപ്പെടുകയും ചെയ്തു. സമസ്ത എ.പി, ഇ.കെ വിഭാഗങ്ങൾ, മുജാഹിദ് വിഭാഗങ്ങൾ, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ, സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമാ തുടങ്ങിയ വിവിധ മുസ്‌ലിം സംഘടനകൾ കേരളത്തിൽ മദ്രസകൾ നടത്തുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മദ്രസകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. സ്കൂള്‍ സമയത്തെ ബാധിക്കാത്ത രീതിയിലാണ് പ്രവര്‍ത്തനം. 

കേരളത്തിലെ മറ്റെല്ലാ വിഭാഗങ്ങളെയും പോലെ മുസ്‌ലിംകളും ഔപചാരിക വിദ്യാഭ്യാസം നേടുന്നത് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായാണ്. അതുകൊണ്ടുതന്നെ മദ്രസകളെ അവർ ആശ്രയിക്കുന്നത് പ്രധാനമായും മതപഠനം നേടാനാണ്. കർമശാസ്ത്രം, വിശ്വാസ ശാസ്ത്രം, സ്വഭാവ രൂപീകരണം, ഖുർആൻ പാരായണ രീതികൾ, ഇസ്‌ലാമിക ചരിത്രം തുടങ്ങിയവയാണ് മദ്രസ സിലബസുകളിൽ ഉൾപ്പെടുന്നത്. അറബി മലയാളത്തിലോ മലയാളത്തിലോ ഉള്ള മദ്രസ പാഠപുസ്തകങ്ങൾക്ക് രഹസ്യസ്വഭാവങ്ങളില്ല.

കേരളത്തിലെ മദ്രസകൾ ഏറെക്കുറെ പൂർണമായും മുസ്‌ലിംകൾ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തി നടത്തുന്നതാണ്. മദ്രസകളുടെ നിർമാണത്തിനും അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനും സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്നില്ല. അതിനാൽ, മദ്രസകൾക്കുള്ള ധനസഹായം നിര്‍ത്തലാക്കണം എന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം കേരളത്തിലെ മദ്രസകളെ ബാധിക്കുന്നതല്ല.

അതേസമയം, മറ്റെല്ലാ മേഖലയിലും എന്നപോലെ മദ്രസ അധ്യാപകർക്കു വേണ്ടിയും സംസ്ഥാന സർക്കാറിന്റെ ക്ഷേമനിധി നിലവിലുണ്ട്. മദ്രസാധ്യാപകർ പ്രതിമാസം അടക്കുന്ന തുക കൂടിയാണ് പെൻഷൻ നൽകുന്നതിനായി ഉപയോഗിക്കുന്നത്.

എന്താണ് ഉത്തരേന്ത്യയിലെ മദ്രസകള്‍?

ഉത്തരേന്ത്യയിലെ മദ്രസകൾക്ക് കേരളത്തിൽ നിന്നും തീർത്തും വിഭിന്നമായ മുഖമാണുള്ളത്. അവിടെ മദ്രസ എന്നാൽ മതപഠനം മാത്രമല്ല ഭൗതിക വിദ്യാഭ്യാസം കൂടി പകരുന്ന ഇടങ്ങൾ കൂടിയാണ്. കേരളത്തിലേത് പോലെ രാവിലെയും വൈകുന്നേരവും പ്രവര്‍ത്തിക്കുന്നതല്ല, ഏറിയ മദ്രസകളും റെസിഡന്‍ഷ്യല്‍ സ്വഭാവത്തിലുള്ളതാണ്.

പട്ടിണി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യയിലെ പല പ്രതികൂല സാഹചര്യങ്ങളും മുന്നില്‍ക്കണ്ടാണ് പലരും വിദ്യാര്‍ഥികളെ മദ്രസകളിലേക്ക് അയക്കുന്നത്. മാത്രമല്ല എല്ലാവർക്കും എളുപ്പത്തിൽ ആശ്രയിക്കാവുന്നതും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്.

ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങി ഇരുപതിലധികം സംസ്ഥാനങ്ങളിൽ മദ്രസ ബോർഡുകൾ നിലവിലുണ്ട്. സംസ്ഥാന സർക്കാരുകളാണ് അത്തരം ബോർഡുകൾ നിയന്ത്രിക്കുന്നത്. അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരെയെല്ലാം നിയമിക്കുന്നതും ഈ ബോർഡുകളാണ്. അതോടൊപ്പം തന്നെ പ്രൈവറ്റ് മദ്രസകളും ധാരാളമുണ്ട്. സര്‍ക്കാര്‍ അംഗീകാരമുളള എല്ലാ മദ്രസകള്‍ക്കും ഫണ്ട് നല്‍കുന്നില്ല. ഉത്തർപ്രദേശിൽ ഏകദേശം 25,000 മദ്രസകളുണ്ടെന്നാണ് കണക്ക്. ഇതില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള 16500 മദ്രസകളില്‍ 500 എണ്ണത്തിനാണ് സര്‍ക്കാര്‍ ഫണ്ട് കൊടുക്കുന്നത്. കൊടുക്കുന്ന തുക വളരെ കുറവാണ് എന്നത് വേറെകാര്യം. 

മുസ്‌ലിംകള്‍ മാത്രമല്ല മറ്റു മതസ്ഥരും മദ്രസയിൽ വിദ്യാര്‍ഥികള്‍

പൊതുവിദ്യാഭ്യാസത്തിന് അവസരങ്ങള്‍ കുറവുള്ള മേഖലകളില്‍ മദ്രസകളെയാണ് പലരും വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്. മുസ്‌ലിംകൾ മാത്രമല്ല മറ്റു മതസ്ഥരും ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. സർക്കാറിന് വർഷങ്ങളായി നൽകാൻ കഴിയാത്ത പ്രാഥമിക വിദ്യാഭ്യാസം എങ്ങനെയെങ്കിലും സമൂഹത്തിൽ എത്തിക്കുകയാണ് മദ്രസകളിലൂടെ. അതുകൊണ്ട് കൂടിയാണ് സര്‍ക്കാര്‍ ധനസഹായം കൊടുക്കുന്നതും.

വേണ്ടത്ര സ്‌കൂളുകൾ ഇല്ലാത്തതും ഉള്ള സ്‌കൂളുകളിലാണെങ്കില്‍ പഠന നിലവാരം വൻ അബദ്ധമായതുമൊക്കെയാണ് മദ്രസകളെ രക്ഷിതാക്കള്‍ തെരഞ്ഞെടുക്കാന്‍ കാരണം.


ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഹരിദ്വാർ, നൈനിറ്റാൾ, ഉദംസിംഗ് നഗർ ജില്ലകളിലെ 30 മദ്രസകളിലായി 749 അമുസ്‌ലിം കുട്ടികളാണ് പഠിക്കുന്നത്. 2023ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പഠിക്കുന്ന 7399 മദ്രസാ വിദ്യാര്‍ഥികളില്‍ പത്ത് ശതമാനം ഹിന്ദു അടക്കമുള്ള മറ്റു വിഭാഗങ്ങളില്‍ നിന്നാണ്. ഉത്തരാഖണ്ഡ് മദ്രസാ ബോർഡാണ് ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വിദ്യാർഥികൾ ഇവിടെ പഠിക്കുന്നതെന്നും അവർ അറിയിക്കുന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യസ രംഗം ശോചനീയമാണെന്ന് തെളിയിക്കുന്നതാണ് കണക്കുകളെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബിജെപിക്കെതിരെ രംഗത്ത് എത്തിയിരുന്നു.

മദ്രസ പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കി ഹിന്ദു പെൺകുട്ടികൾ

2019ൽ പശ്ചിമ ബംഗാളിലെ പത്താംക്ലാസ് മദ്രസാ പരീക്ഷയിൽ മൂന്ന് ഹിന്ദു വിദ്യാര്‍ഥിനികള്‍ റാങ്ക് കരസ്ഥമാക്കിയത് വാര്‍ത്തയായിരുന്നു. പിയുപിയ സാഹ, സതി മോദക്, അർപിത സാഹ എന്നീ മൂന്ന് ഹിന്ദുപെൺകുട്ടികളാണ് 90 ശതമാനത്തിലേറെ മാർക്കും രണ്ട്, മൂന്ന് റാങ്കുകൾ സ്വന്തമാക്കിയതും

730മാര്‍ക്ക് വീതം നേടി ഇതിൽ സാഹയും മോദകും ചേർന്നാണ് മൂന്നാം റാങ്ക് പങ്കിട്ടത്. അർപിതയ്ക്കാണ് രണ്ടാം റാങ്ക്. ബുർദ്വാനിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നിന്നാണ് ഈ ഹിന്ദുകുട്ടികൾ പഠിച്ച് ഉന്നത റാങ്കുകൾ കരസ്ഥമാക്കിയിരുന്നത്. പശ്ചിമ ബംഗാളിൽ തന്നെ ചില മദ്രസകളിൽ മുസ്‌ലിംകളെക്കാൾ കൂടുതൽ ഹിന്ദു അധ്യാപകരുണ്ട് എന്നതും വാർത്തയായിരുന്നു.

മദ്രസകള്‍ക്കെതിരെ സംഘ്പരിവാരം

മദ്രസകൾക്കെതിരെ സംഘ്പരിവാരം ആദ്യം മുതലെ രംഗത്തുണ്ട്. മദ്രസകളിൽ പഠിപ്പിക്കുന്നത് ഭീകരവാദമാണെന്നും പൊതുസമൂഹത്തിന് ഉപകാരമില്ലെന്നുമുള്ള നുണകൾ അവസരം കിട്ടുമ്പോഴൊക്കെ അവർ ഉയർത്താറുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്യുന്നു. മദ്രസകള്‍ രാജ്യത്ത് തീവ്രവാദം വളര്‍ത്തുകയാണെന്നും മദ്രസകളിലെ വിദ്യാഭ്യാസം ദേശവിരുദ്ധമാണെന്നും ഒരിക്കല്‍ ബിജെപി എംപിയായിരുന്ന സാക്ഷി മഹാരാജ് ആരോപിച്ചിരുന്നു.

ഇത്തരം പ്രചാരണങ്ങളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ഉള്ള സ്ഥാപനങ്ങൾ കൂടി അടച്ചുപൂട്ടിച്ച് വിദ്യാർഥികളെ പുറംതള്ളുക എന്ന ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദേശം നടപ്പിലായാല്‍ ഉത്തരേന്ത്യന്‍ മദ്രസകളെ കാര്യമായി തന്നെ ബാധിക്കും. പലതും പൂട്ടേണ്ടി വരും. നിലവില്‍ തന്നെ വിദ്യാഭ്യാസത്തിന് ശുഷ്കമായ സാഹചര്യങ്ങളാണ് ഉള്ളത്. മദ്രസകള്‍ കൂടി പൂട്ടിയാല്‍ വിദ്യാഭ്യാസം തന്നെ നഷ്ടമാകുന്ന നിലയിലേക്ക് എത്തും. 


അതേസമയം തന്നെ മദ്രസകളെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. കേന്ദ്രബാലാവകാശ കമ്മീഷന്റെ വിവാദ നിര്‍ദേശം ഇറങ്ങിയ സമയത്ത് തന്നെയാണ് മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാർ മദ്രസ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചതും. നിലവിൽ പുരുങ്ങലിലായ സർക്കാറിന് ന്യൂനപക്ഷങ്ങളുടെ കൂടി പിന്തുണ കിട്ടാനാണ് ഈ നീക്കം എന്ന് മനസിലാക്കാൻ വലിയ ഗവേഷണമൊന്നും നടത്തേണ്ട കാര്യമില്ല.

ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം കോടതിയിലെത്തുമ്പോള്‍

ഉത്തര്‍പ്രദേശിലെ മദ്രസകള്‍ക്കെതിരെ പരസ്യമായി തന്നെ അധികൃതര്‍ രംഗത്തുണ്ട്. സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നാലെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മദ്രസ ബോർഡിന്റെ ലക്ഷ്യങ്ങൾ നിയന്ത്രണ സ്വഭാവമുള്ളതാണെന്നും ബോർഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷതയെ ബാധിക്കില്ലെന്നും പറഞ്ഞാണ് സുപ്രീംകോടതി, ഹൈക്കോടതി വിധി റദ്ദാക്കിയത്. ഹൈക്കോടതിയുടെ നിര്‍ദേശം 17 ലക്ഷത്തോളം കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തെ ബാധിക്കുന്നതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ഇപ്പോഴും കോടതിക്ക് മുമ്പാകെയുണ്ട്. കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദേശം നടപ്പിലാക്കിയാല്‍ കോടതി നടപടികളിലേക്ക് കടക്കുമെന്നുറപ്പാണ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

Reporter - റിഷാദ് അലി

contributor

Similar News