മതിയായ ജീവനക്കാരില്ല; ആലുവ സർക്കാർ ആശുപത്രിയിൽ രോഗികൾ വലയുന്നു
ജില്ലാ ആശുപത്രിയായിട്ടും സ്റ്റാഫ് പാറ്റേൺ പഴയപടി തന്നെയാണ്. മതിയായ ഡോക്ടർമാരും ഇവിടെയില്ല.
കൊച്ചി: ജില്ലാ ആശുപത്രിയായി മാറിയിട്ടും മതിയായ ഡോക്ടര്‍മാരോ അനുബന്ധ ജീവനക്കാരോ ഇല്ലാതെ ആലുവ സര്‍ക്കാര്‍ ആശുപത്രി. ഒഴിവുളള തസ്കതികകളിലേക്ക് രണ്ടാഴ്ചക്കകം അടിയന്തര നിയമനം നടത്തുമെന്ന് നാല് മാസം മുന്‍പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ജില്ലാ ആശുപത്രിയായിട്ടും സ്റ്റാഫ് പാറ്റേൺ പഴയപടി തന്നെയാണ്. മതിയായ ഡോക്ടർമാരും ഇവിടെയില്ല. താലൂക്ക് ആശുപത്രിയിൽ നിന്ന് ജില്ലാ ആശുപത്രിയായി ഉയർന്നിട്ട് 10 വർഷമാകാറായെങ്കിലും ഇവിടെ പുതിയ തസ്തിക സൃഷ്ടിച്ച് ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനം ഉറപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. താലൂക്ക് ആശുപത്രി സ്റ്റാഫ് പാറ്റേണില്‍ ജില്ലാ ആശുപത്രി മുന്നോട്ട് പോകുമ്പോള്‍ ദുരിതത്തിലാകുന്നത് രോഗികളാണ്.
പുത്തന്‍ സ്കാനിങ് മെഷീനുണ്ടെങ്കിലും നിലവില്‍ ഇവിടെ റേഡിയോളജിസ്റ്റില്ല. ഇതുമൂലം ഗര്‍ഭിണികളടക്കം പാവപ്പെട്ട നിരവധി പേര്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ജനറല്‍ മെഡിസിന്‍, ജനറല്‍ സർജറി, ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം എന്നിവയിലും ആവശ്യാനുസരണം ഡോക്ടര്‍മാരില്ല.
45 അനുബന്ധ തസ്തികകളിലേക്ക് 14 ഡോക്ടര്‍മാരുടെയും 11 നഴ്സുമാരുടെയും നിയമനമാണ് ഉടനുണ്ടാകേണ്ടത്. രണ്ടാഴ്ചക്കകം ഇതിന് പരിഹാരം കാണുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ മറന്ന മട്ടാണ്.