'ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ലഭിക്കുന്ന വേദികള്‍ ലീഗ് ഉപയോഗപ്പെടുത്തിയാല്‍ ആര്‍ക്കാണ് കുറ്റം പറയാനാവുക?'
സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഡ്യ റാലിയിൽ പങ്കെടുക്കുന്നതിൽ മുസ്‍ലിം ലീഗിൽ ഭിന്നത ഉടലെടുത്തു
കോഴിക്കോട്: സി.പി.എമ്മിന്‍റെ ഫലസ്തിൻ ഐക്യദാർഢ്യ സദസിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ച സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ് നുസൂര്‍. ഫലസ്തീനിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ക്രൂരമായി കൊലചെയ്യപ്പെടുമ്പോൾ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ലഭിക്കുന്ന ഏത് വേദിയും ഉപയോഗപ്പെടുത്തുക എന്ന നിലപാട് ആയി മാത്രമേ അതിനെ കാണാൻ കഴിയുകയുള്ളൂവെന്ന് നുസൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഡ്യ റാലിയിൽ പങ്കെടുക്കുന്നതിൽ മുസ്‍ലിം ലീഗിൽ ഭിന്നത ഉടലെടുത്തു. പരിപാടിയിൽ പങ്കെടുക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിയിൽ പങ്കെടുക്കേണ്ടെന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം . അന്തിമതീരുമാനം നാളത്തെ ലീഗ് യോഗത്തിലുണ്ടാകും.
നുസൂറിന്‍റെ കുറിപ്പ്
സി.പി.എം സംഘടിപ്പിക്കുന്ന ഏതൊരു പരിപാടിയുടെയും അടുത്ത് പോലും കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമ്പോൾ എന്നെപ്പോലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അത് ഞങ്ങളിൽ പലരും അവരിൽ നിന്നും നേരിട്ട പീഡനങ്ങളുടെയും ഞങ്ങളുടെ ധീര രക്തസാക്ഷികളുടെയും ഓർമ്മകളുമായി ബന്ധപ്പെട്ടതാണ്. പക്ഷെ ഇപ്പോൾ ഫലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് മുസ്‍ലിം ലീഗിനെ സിപിഎം ക്ഷണിച്ചിരിക്കുന്നു എന്നും അതിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന തീരുമാനത്തിനായി ലീഗ് ആലോചനയിലുമാണ്. അത് അവരുടെ ആഭ്യന്തര വിഷയം തന്നെയാണ്. ഇനി അവർ പങ്കെടുക്കാൻ തീരുമാനിച്ചാലും മറ്റൊന്നും പറയാനില്ല.
ഫലസ്തീനിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ക്രൂരമായി കൊലചെയ്യപ്പെടുമ്പോൾ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ലഭിക്കുന്ന ഏത് വേദിയും ഉപയോഗപ്പെടുത്തുക എന്ന നിലപാട് ആയി മാത്രമേ അതിനെ കാണാൻ കഴിയുകയുള്ളൂ. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ പീഡനങ്ങളിലും അഴിമതി അടക്കമുള്ള വിഷയങ്ങളിലും എല്ലാം ശക്തമായ പോരാട്ടങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ പുതിയ വേദികളിൽ സൃഷ്ടിക്കപ്പെടേണ്ടത് തന്നെയാണ്. പക്ഷെ മുൻകാല പാഠങ്ങൾ ഉൾക്കൊണ്ട് വേണം അതിർവരമ്പുകളും പൊതുനയവും തീരുമാനിക്കേണ്ടത് .കേരളത്തിലും സുവർണ്ണാവസരം പ്രതീക്ഷിച്ചിരിക്കുന്ന സംഘപരിവാറിന്‍റെ കഴുകൻ കണ്ണുകളെ വിസ്മരിക്കാൻ കഴിയില്ല.