പാലക്കാട്ടെ വിഎച്ച്പി സ്കൂൾ ആക്രമണം "വിഎച്ച്പി സംഘപരിവാർ സംഘടന തന്നെ" ; സന്ദീപ് വാര്യർ
"അറസ്റ്റിലായ സംഘ്പരിവാർ പ്രവർത്തകർ ജാമ്യം കിട്ടിയ ഉടൻ ക്രിസ്മസ് കേക്കുകളുമായി ക്രൈസ്തവ ഭവനങ്ങളിൽ എത്തും"; സന്ദീപ് വാര്യർ
പാലക്കാട് സ്‌കൂളിലെ വിഎച്പി ആക്രമത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ഒരു വശത്ത് ക്രൈസ്തവരെ ആക്രമിക്കുന്നു എന്നിട്ട് നാണമില്ലാതെ വോട്ട് തട്ടാൻ കപട നാടകം കളിക്കുകയാണ് ബിജെപി എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ബിജെപി സംസ്ഥാന പ്രസിഡന്റ് അതിക്രമത്തെ തള്ളിപ്പറയാത്തത് മൗനം സമ്മതം എന്ന നിലപാടോടെയാണെന്നും സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അറസ്റ്റിലായ സംഘ്പരിവാർ പ്രവർത്തകർ ജാമ്യം കിട്ടിയ ഉടൻ ക്രിസ്മസ് കേക്കുകളുമായി ക്രൈസ്തവ ഭവനങ്ങളിൽ എത്തുമെന്നും സന്ദീപ് വാര്യർ മറ്റൊരു പോസ്റ്റിൽ കുറിച്ചിരുന്നു.
സന്ദീപ് വാര്യരുടെ പോസ്റ്റിൻ്റെ പൂർണരൂപം-
സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചപ്പോഴാണ് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിലായത്. പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ മൂന്നുപേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ. അനിൽകുമാർ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ , തെക്കുമുറി വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസ് എടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അസഭ്യം പറഞ്ഞു, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ചുമത്തിയാണ് കേസ്.അറസ്റ്റിലായ കെ. അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. വി. സുശാസനൻ ബജരംഗദൾ ജില്ലാ സംയോജകും കെ. വേലായുധൻ വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്.