'രാഹുലും പ്രിയങ്കയും വയനാട്ടിൽ ജയിച്ചത് ലീഗ്- ജമാഅത്ത്- SDPI പിന്തുണയിൽ'- ആവർത്തിച്ച് എ വിജയരാഘവൻ
പ്രതിപക്ഷം തീവ്ര മുസ്‌ലിം വർഗീയതക്ക് ഒപ്പമാണെന്ന പ്രചരണം നടത്താൻ ബി ജെ പി ക്ക് കോണ്‍ഗ്രസ് അവസരമൊരുക്കിയെന്നും എ വിജയരാഘവൻ
കോഴിക്കോട്: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ വിജയിച്ചത് ലീഗ്- ജമാഅത്ത്- SDPI പിന്തുണയിലെന്ന് ആവർത്തിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പ്രതിപക്ഷം തീവ്ര മുസ്‌ലിം വർഗീയതക്ക് ഒപ്പമാണെന്ന പ്രചരണം നടത്താൻ ബി ജെ പി ക്ക് കോണ്‍ഗ്രസ് അവസരമൊരുക്കി. ഭൂരിപക്ഷ വർഗീയതയെ ശക്തിയായി എതിർക്കും എന്നതിനർത്ഥം ന്യൂനപക്ഷ വർഗീയതയെ വിമർശിക്കാൻ പാടില്ല എന്നല്ലെന്നും വിജയരാഘവൻ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യത്യസ്തങ്ങളായ വർഗീയ ധ്രുവീകരണങ്ങളുണ്ടാക്കി. എങ്ങനെ വോട്ടുകൾ നേടാം എന്നാണ് യു ഡി എഫ് ശ്രമിച്ചത്. കോൺഗ്രസ് കേരളത്തിൽ എല്ലാ വർഗീയതയോടും സന്ധിചെയ്ത് പ്രവർത്തിച്ചു. ഇപ്പോൾ വിവിധ വർഗീയതകൾ കേരളത്തിലെ ഓരോ കുടുംബത്തെയും വർഗീയവൽക്കരിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഹിന്ദു വർഗീയത, ഭൂരിപക്ഷ വർഗീയത എന്ന നിലയിൽ ഈ ശ്രമം ദീർഘകാലമായി നടത്തിവരികയാണെന്നും വിജയരാഘവൻ ആരോപിച്ചു.
കേരളത്തിന്റെ ഇടതുപക്ഷ അടിത്തറ തകർത്ത് ഇടതുപക്ഷ മതേതര മുന്നേറ്റങ്ങളെ തടയാനാണ് എല്ലാ പ്രതിലോമ ശക്തികളും ചേർന്ന് ശ്രമിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ പൂർണ പിന്തുണയോടെയാണ് ഇത് നടക്കുന്നത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും ഉപ തെരഞ്ഞെടുപ്പുകളിലും ഇതുതന്നെയാണ് നടന്നതെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷ വർഗീയതയെ ശക്തിയായി എതിർക്കും, അതിനർത്ഥം ന്യൂനപക്ഷ വർഗീയതയെ വിമർശിക്കാൻ പാടില്ല എന്നല്ല. ആ വിമർശനത്തെ അസഹിഷ്ണുതയോടെ കാണുന്നവരോട് നമുക്ക് സഹതപിക്കാനേ സാധിക്കൂ. വർഗീയതയിൽ തമ്പടിച്ച കോൺഗ്രസിന് ഇത് ഒരിക്കലും പറ്റില്ല. ഇടതുപക്ഷത്തെ തോൽപ്പിക്കാനുള്ള വഴിയായാണ് വർഗീയതയെ അവർ കാണുന്നത്. രാഹുൽഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത് കോൺഗ്രസും ലീഗും ജമാ-അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടുന്ന ചേരിയുടെ പിന്തുണയിലാണെന്നും വിജരാഘവൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം, രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണയോടെയെന്ന പരാമർശത്തില്‍ എ വിജരാഘവനെയും സിപഎമ്മിനെയും കടന്നാക്രമിക്കുകയാണ് യുഡിഎഫ്. സംഘ്പരിവാറിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് പരാമർശമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സിപിഎം ഭൂരിപക്ഷ വർഗീയ ഇളക്കിവിടുകയാണെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിമർശനം.
എ വിജരാഘവന്റെ വർഗീയ പരാർശത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം രംഗത്തുവന്നു. സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാടാണോ വിജയരാഘവന്റേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചോദിച്ചു. വി.ഡി സതീശനും കെ സുധാകരനും വിജയരാഘവന്റെ പരാമർശത്തെ ബിജെപിയോട് ഉപമിച്ചു. രൂക്ഷമായ ഭാഷയിലാണ് സി പി എമ്മിനെ ലീഗ് നേതാക്കള്‍ വിമർശിച്ചത്.