ലഹരി വിൽപ്പനക്കാരെ കണ്ടെത്താൻ 'ഓപ്പറേഷൻ ഡി ഹണ്ട്'; 244 പേര്‍ അറസ്റ്റില്‍
1300-ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്
തിരുവനന്തപുരം: ലഹരിവിൽപ്പനക്കാരെ കണ്ടെത്താൻ പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. 'ഓപ്പറേഷൻ ഡി ഹണ്ട്' എന്ന പേരിൽ 1300-ഓളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 1373 കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിൽ 244 പേരെ അറസ്റ്റ് ചെയ്തു.
സ്ഥിരം ലഹരി കടത്തുകാരുടെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലുമായിരുന്നു പ്രധാനമായും പരിശോധന നടന്നത്. പരിശോധനയിൽ എം.ഡി.എം.എ, കഞ്ചാവ്, മറ്റ് ലഹരി വസ്തുക്കൾ എന്നിവ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. ആകെ 246 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 244 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത് കൊച്ചിയിലാണ്. 61 പേരാണ് അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ചിൽ പിടിയിലായത് 48 പേരാണ്.49 കേസുകള്‍ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം നഗരത്തിൽ മാത്രം 22 കേസുകളിലായി 21 പേർ പിടിയിലായി.
നഗരത്തിൽ കഞ്ചാവ് കൈവശം വെച്ചതിന് 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടക വസ്തു കൈവശം വെച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തു. അതിനിടെ തിരുവനന്തപുരം തമ്പാനൂരിൽ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. തൈക്കാട് സ്വദേശിയായ ഗിരീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നടത്തിയ പരിശോധനയിൽ ഏഴു പേരാണ് അറസ്റ്റിലായത്. 21 ഇടങ്ങളിലായിരുന്നു പരിശോധന നടന്നത്.