വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതകമാക്കാൻ ശ്രമം നടന്നു, സിബിഐ അന്വേഷണം വേണം: വിഡി സതീശൻ

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ തീരുമാനം വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു

Update: 2022-03-15 07:03 GMT
Advertising

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതകമാക്കാൻ ശ്രമം നടന്നുവെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇത് സംബന്ധിച്ചുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ തീരുമാനം വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇരട്ടക്കൊലപാതകം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയിരുന്നത്. സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ തുടരന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കൊലപാതകത്തിൽ പിറകിൽ പിന്നാമ്പുറ കഥകളുണ്ടെന്നും സംഭവശേഷം കോൺഗ്രസ് നേതാക്കളെ വ്യാപകമായി അക്രമിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. ഉന്നത സിപിഎം നേതാവിന്റെ മകനാണ് കൊട്ടേഷൻ കൊടുത്തതെന്നും സംഭവത്തിൽ സിപിഎമ്മിന് അകത്തുള്ളവർക്കാണ് പങ്കെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിക്കുള്ളിലെ വിഷയമാണ് കൊലപാതകത്തിനുകാരണമെന്നും കോൺഗ്രസിന് കൊലപാതകത്തിൽ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് സർക്കാർ പുറത്തു കൊടുക്കാൻ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സൈബർ ഫോറൻസിക് റിപ്പോർട്ട് സീൽഡ് കവറിൽ കോടതിയിൽ നൽകിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊലപാതകം നടത്താൻ പോയവരാണ് കൊല്ലപ്പെട്ടതെന്നും അതാണ് ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്നും കേസ് ഇപ്പോൾ കീഴ്‌മേൽ മറിയുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. നിരപരാധികളെ പോലും കൊലക്കേസിൽ കുടുക്കിയെന്നും പുനരന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Opposition leader VD Satheesan has called for a CBI probe into the Venjaramoodu double murder.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News