സംഘാടകർക്ക് സിപിഎം ബന്ധം, രക്ഷിക്കാൻ സജി ചെറിയാൻ രംഗത്തിറങ്ങി; വി.ഡി സതീശൻ
മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയാണെങ്കിൽ ഈ സുരക്ഷ മതിയോ എന്നും വി.ഡി സതീശൻ ചോദിച്ചു.
കൊച്ചി: ഉമാ തോമസ് അപകടത്തിൽപെട്ട കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകരെ രക്ഷിക്കാനാണ് മന്ത്രി സജി ചെറിയാൻ രംഗത്തിറങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഘാടകർക്ക് സിപിഎം ബന്ധമുണ്ട്. അന്വേഷണം പൂർത്തിയാകും മുൻപ് സുരക്ഷാ വീഴ്‌ചയില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന ഇവരെ രക്ഷിക്കാനാണെന്നും സതീശൻ ആരോപിച്ചു.
ഇത്രയും ഉയരത്തിൽ പരിപാടി നടത്തിയിട്ട് ഒരു ബാരിക്കേഡ് പോലും അവിടെയില്ല. പിന്നെ എങ്ങനെയാണ് സുരക്ഷാ വീഴ്‌ചയില്ലെന്ന് മന്ത്രി പറയുന്നത്. ആരെ പറ്റിക്കാനാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയാണെങ്കിൽ ഈ സുരക്ഷ മതിയോ എന്നും വി.ഡി സതീശൻ ചോദിച്ചു.
ആളുകൾ അകത്തേക്ക് കയറുന്നടക്കം ഒരു കാര്യങ്ങളും പോലീസ് പരിശോധിച്ചിട്ടില്ല. സംഭവത്തില്‍ ജിസിഡിഎക്കെതിരെയും അന്വേഷണം വേണം. സ്റ്റേഡിയത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സുരക്ഷ ഉറപ്പാക്കേണ്ടത് ജിസിഡിഎയുടെ ഉത്തരവാദിത്തമാണ്. . ആരെ രക്ഷിക്കാന്‍ ആര് ശ്രമിച്ചാലും ഞങ്ങൾ ഇവിടെയുണ്ടെന്ന് ഓർക്കണമെന്നും വി.ഡി സതീശൻ താക്കീത് നൽകി.
അതേസമയം, കലൂർ സ്‌റ്റേഡിയത്തിലെ വേദിയിൽനിന്ന് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ അറിയിച്ചു. എംഎൽഎക്ക് ബോധം തെളിഞ്ഞെന്നും ചോദ്യങ്ങളോട് പ്രതികരിച്ചെന്നും ഡോക്ടർ പറഞ്ഞു.എംഎൽഎ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. വെന്റിലേറ്ററിൽനിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് പറയാൻ കഴിയൂ എന്നും ഡോക്ടർ പറഞ്ഞു.