പി ബാലചന്ദ്രൻ എംഎൽഎയുടെ പ്രസ്താവന പാർട്ടി നിലപാടല്ല: സി.പി.ഐ
തൃശൂർ: പി. ബാലചന്ദ്രൻ എം.എൽ.എ ഫേയ്സ്ബുക്ക് പോസ്റ്റിൽ രാമായണത്തെയും ശ്രീരാമനെയും സീതയെയുമെല്ലാം ബന്ധിപ്പിച്ച് എഴുതിയ അഭിപ്രായം തികച്ചും തെറ്റാണെന്നും അത് പാർട്ടി നിലപാട് അല്ല എന്നും സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ സെക്രട്ടറി കെ.കെ വത്സരാജ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു അഭിപ്രായം സി പി ഐയ്ക്കോ എൽ ഡി എഫിനോ ഇല്ല. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും ഒരുപോലെ കാണുകയും ചെയ്യുന്ന വിശാലമായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കുള്ളത്.
മതനിരപേക്ഷ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ വർഗ്ഗീയതയ്ക്കും അന്യമതവിദ്വേഷത്തിനും എതിരെ നിലപാട് സ്വീകരിക്കുകയും സർവ്വമതസമഭാവനയ്ക്കായി നിലകൊള്ളുകയും ചെയ്യുന്ന പാർട്ടിയാണ് സി പി ഐ. എന്നാൽ, ആ നിലപാടിന് വിരുദ്ധമായി ഫേയ്സ്ബുക്കിൽ അഭിപ്രായം എഴുതിയ പി ബാലചന്ദ്രൻ എംഎൽഎ തന്നെ ഇതിനകം തന്റെ ഭാഗത്തുനിന്ന് ഉണ്ടായ ജാഗ്രതക്കുറവ് തിരിച്ചറിയുകയും തിരുത്തുകയും പോസ്റ്റ് പിൻവലിച്ച് നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്.
നിർഭാഗ്യകരമായ ഈ സംഭവം മൂലം വിശ്വാസികൾക്ക് ഉണ്ടായ പ്രയാസത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നതായും ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പ്രസ്താവനയിൽ അറിയിച്ചു.
''രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'' എന്നായിരുന്നു ബാലചന്ദ്രൻറെ ഫേസ്ബുക്ക് പോസ്റ്റ്.
സംഭവം വിവാദമായതിന് പിന്നാലെ എം.എൽ.എ പോസ്റ്റ് പിൻവലിച്ചിരുന്നു. ''കഴിഞ്ഞ ദിവസം എഫ്ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത് ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു'' ബാലചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.