പി.സി ജോർജ് ഇന്ന് ചോദ്യംചെയ്യലിന് ഹാജരായേക്കില്ല; തൃക്കാക്കരയിലെത്തും
ആരോഗ്യ പ്രശ്നങ്ങൾ കാരണം ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് പി.സി.ജോർജിന്‍റെ മറുപടി.
തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോർജ് ഇന്ന് ചോദ്യംചെയ്യലിന് ഹാജരായേക്കില്ല. അസൗകര്യം അറിയിച്ച് ജോർജ് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർക്ക് മറുപടി നൽകി. തൃക്കാക്കരയിൽ ബി.ജെ.പിക്കായി ഇന്ന് പ്രചാരണത്തിന് എത്തുമെന്ന് പി.സി ജോർജ് അറിയിച്ചിട്ടുണ്ട്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ ഇന്ന് രാവിലെ 11 മണിക്ക് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് ഫോര്‍ട്ട് പൊലീസ് പി സി ജോർജിന് നോട്ടീസ് അയച്ചത്. ജോർജ് തൃക്കാക്കരയിൽ എത്തുന്നത് തടയാനാണ് പൊലീസ് നീക്കമെന്നും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് പൊലീസിന് ജോർജ് മറുപടി അയച്ചത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് പി.സി.ജോർജിന്‍റെ മറുപടി. ചോദ്യംചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും ജോർജ് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ചോദ്യംചെയ്യലിനോട് സഹകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പി.സിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്. നാളെ ഹാജരാകാത്ത പക്ഷം അത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാകും. അതിനാൽ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉന്നയിക്കുന്ന പി.സി ജോർജ് തൃക്കാക്കരയിൽ എത്തിയാൽ തുടർ നടപടി സ്വീകരിക്കാമെന്നും പൊലീസ് വിലയിരുത്തുന്നു. എന്നാൽ പി.സി ജോർജിനെ തൃപ്പുണ്ണിത്തറയിൽ എത്തിച്ചുള്ള പ്രചാരണത്തിനാണ് എൻ.ഡി.എ പരമാവധി ശ്രമിക്കുന്നത്. പി.സി ജോർജിന്‍റെ അറസ്റ്റ് മത തീവ്രവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചിരുന്നു.