നാക്കുപിഴയായി കണ്ടാല്‍ മതി; ജോര്‍ജ് എം.തോമസിനു പിശക് പറ്റിയെന്ന് പി.മോഹനന്‍
വിഷയം വ്യക്തിപരമാണ്. പാർട്ടിയെ ബാധിക്കുന്നതല്ല. എന്നാൽ അവർ ഒളിച്ചോടിയെന്ന് പത്രങ്ങൾ പറയുന്നു. അത് വേണ്ടിയിരുന്നില്ല
കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ അസ്വഭാവികതയില്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍. വിഷയം വ്യക്തിപരമാണ്. പാർട്ടിയെ ബാധിക്കുന്നതല്ല. എന്നാൽ അവർ ഒളിച്ചോടിയെന്ന് പത്രങ്ങൾ പറയുന്നു. അത് വേണ്ടിയിരുന്നില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി വിവാഹം കഴിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. യുവതിയുടെ നിലപാട് കോടതിയും അംഗീകരിച്ചു. അതോടെ ആ അധ്യായം അടഞ്ഞുവെഞ്ഞും മോഹനന്‍ പറഞ്ഞു.
രാഷ്ട്രീയ താത്പര്യം വെച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കില്ല. പാർട്ടി അതിനെ ശക്തമായി എതിർക്കും. ജോർജ് എം. തോമസ് ചില പരാമർശങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടു. ലൗ ജിഹാദ് ഉൾപ്പെട്ടിട്ടില്ല. മതന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ ആര്‍. എസ്.എസ് നിർമിക്കുന്നതാണ് ലൗ ജിഹാദ്. ജോർജ് എം. തോമസിന് പിശക് പറ്റി. പിശക് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാർട്ടിയെ അത് അറിയിച്ചിട്ടുണ്ട്. നാക്കുപിഴയായി കണക്കാക്കിയാൽ മതി. ആ അധ്യായം അവസാനിച്ചു. സംഭവത്തില്‍ ഷെജിനോട് വിശദീകരണം ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. നേരത്തെ അറിയിച്ചിരുന്നെങ്കിൽ പെൺകുട്ടിയുടെ വീട്ടുകാരെ പാർട്ടി ബോധ്യപ്പെടുത്തുമായിരുന്നു. ഷെജിനെതിരെ നടപടിയെടുക്കുന്നത് ഇപ്പോൾ പാർട്ടിയുടെ മുന്നിൽ ഇല്ലെന്നും മോഹനന്‍ പറഞ്ഞു.
സമുദായങ്ങളെ അകറ്റാനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് വിശദീകരണം യോഗം നടത്തിയത്. ലൗ ജിഹാദിൽ സി.പി.എം നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഭീഷണിയും ഷെജിനും ജ്യോത്സനക്കും ഉണ്ടാകില്ല. ന്യായമായ വിഷയങ്ങളിൽ എല്ലാവർക്കും പാർട്ടിയുടെ സംരക്ഷണമുണ്ടാകുമെന്നും മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.
മിശ്രവിഹാഹം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വാദം ശരിയല്ലെന്ന് ലിന്‍റോ ജോസഫ് എം.എൽ.എ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഷെജിനുമായി ബന്ധപ്പെടാൻ സാധിക്കാത്തതാണ് നേതാക്കൾക്ക് അവവ്യക്തത ഉണ്ടാവാൻ കാരണം. സംഭവത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും ലിന്‍റോ ജോസഫ് പറഞ്ഞു.