പാലക്കാടും വയനാടും നിലനിർത്തും, ചേലക്കര പിടിച്ചെടുക്കും; രാഹുൽ മാങ്കുട്ടത്തിൽ
പ്രിയങ്കാ ഗാന്ധി അടക്കമുള്ളവർ മത്സരിക്കുന്നത് യുഡിഎഫിന് അനുകൂല ഘടകമാണെന്നും രാഹുൽ
കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിക്ക് ജയം സുനിശ്ചിതമാണെന്ന് പാലക്കാട് നിയമസഭാ മണ്ഡലം സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ. പാലക്കാടും വയനാടും നിലനിർത്തുമെന്നും ചേലക്കര പിടിച്ചെടുക്കുമെന്നും രാഹുൽ പറഞ്ഞു. ചേലക്കര ഫലം വരും തെരഞ്ഞെടുപ്പുകളുടെ ട്രെൻഡ് സെറ്ററാകുമെന്നും രാഹുൽ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനം വന്നതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയങ്കാ ഗാന്ധി അടക്കമുള്ളവർ മത്സരിക്കുന്നത് യുഡിഎഫിന് അനുകൂല ഘടകമാണ്. താൻ ജില്ലയ്ക്ക് പുറത്തു നിന്നുള്ള ആളെന്നതിൽ ഒരു പ്രശ്നവുമില്ലെന്നും ജില്ലക്കാരല്ലാത്ത രണ്ടു പേരെ മുഖ്യമന്ത്രിമാരാക്കിയ നാടാണ് പാലക്കാടെന്നും രാഹുൽ പറഞ്ഞു. പാർട്ടിയെ ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തത്തമാണെന്നും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.