പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്ക് വോട്ടിനേക്കാൾ താൽപര്യം നോട്ടിനോട്, അവർ മൂന്നാം സ്ഥാനത്തേക്ക് പോകും; കെ. മുരളീധരൻ
പാലക്കാട്ട് ഡീൽ നടക്കാൻ സാധ്യത ബിജെപിയും സിപിഎമ്മും തമ്മിലാണെന്നും രാഷ്ട്രീയ ചർച്ചയാണ് യുഡിഎഫ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ
തിരുവനന്തപുരം: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിക്ക് വോട്ടിനേക്കാൾ നോട്ടിലാണ് താൽപര്യമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇക്കാര്യം അദ്ദേഹത്തിന്റെ പാർട്ടിക്കാരാണ് പറയുന്നതെന്നും ബിജെപി മൂന്നാം സ്ഥാനത്ത് പോകാനാണ് സാധ്യതയെന്നും മുരളീധരൻ പറഞ്ഞു.
എൽഡിഎഫ് ചിലപ്പോൾ രണ്ടാം സ്ഥാനത്തെത്തിയേക്കാം. എങ്കിലും യുഡിഎഫ് ജയിക്കുമെന്ന് കാര്യത്തിൽ ആർക്കും സംശയമില്ല. പാലക്കാട്ട് ഡീൽ നടക്കാൻ സാധ്യത ബിജെപിയും സിപിഎമ്മും തമ്മിലാണ്. പക്ഷെ യുഡിഎിന്റെ ജയത്തിന് അതൊന്നും ഒരു തടസ്സമാകില്ല. രാഷ്ട്രീയ ചർച്ചയാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്.
പൂരം കലക്കിയത്, എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച, അജിത് കുമാറിനെ ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷിക്കുന്നത്, പി.പി ദിവ്യയുടെ അതിക്രമിച്ചുളള കടന്നു കയറ്റം, എഡിഎമ്മിന്റെ മരണം, വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് തുടങ്ങിയവയെല്ലാം ഉന്നയിക്കും.
എഡിഎമ്മിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. സ്വന്തം ജില്ലയിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടും അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. ഇതൊക്കെയാണ് യുഡിഎഫ് ചർച്ചചെയ്യാൻ പോകുന്നത്.
അല്ലാതെ ആരൊക്കെ വന്നു, ആരൊക്കെ പോയി എന്നതൊന്നും ഒരു വിഷയമല്ല. തെരഞ്ഞെടുപ്പിനെ പൊളിറ്റിക്കൽ ഫൈറ്റ് ആയിത്തന്നെയാണ് കാണുന്നത്. പാലക്കാടും വയനാടും മികച്ച ഭൂരിപക്ഷത്തോടെ നിലനിർത്തും. ചേലക്കര പിടിച്ചെടുക്കും. മുരളീധരൻ പറഞ്ഞു.