പാലക്കാട്ടെ സി.പി.എം വിഭാഗീയത; പി.കെ. ശശി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്ക് സാധ്യത
ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ നടപടിയെടുത്തേക്കും
പാലക്കാട്: പാലക്കാട് സി.പിഎം വിഭാഗീയതയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ശശിയുൾപ്പെടെയുള്ളവർക്കെതിരെ നടപടിക്ക് സാധ്യത. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ ചന്ദ്രൻ , ജില്ലാ കമ്മറ്റി അംഗം ചെന്തമരാക്ഷൻ എന്നിവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്..
വിഭാഗീയതക്ക് നേതൃത്വം നൽകിയത് ഇവരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ നടപടിയെടുത്തേക്കും . സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ സാന്നിധ്യത്തിലാണ് യോഗം. കഴിഞ്ഞ സമ്മേളന കാലത്ത് പാലക്കാട് സിപിഎമ്മിൽ ഉടലെടുത്ത വിഭാഗീയത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തുടർ അച്ചടക്ക നടപടികൾ റിപ്പോർട്ട് ചെയ്യും.
കാരണം കാണിക്കൽ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ മൂന്ന് പേർക്കെതിരെയും പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കും. സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ.ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മറ്റിയിലേക്കും ജില്ലാ കമ്മറ്റി അംഗം കെ. ചാമുണ്ണിയെ ഏരിയ കമ്മറ്റിയിലേക്കും തരം താഴ്ത്തുമെന്നാണ് സൂചന. കഴിഞ്ഞ ജില്ലാ കമ്മറ്റി യോഗം പി.കെ ശശിക്ക് എതിരായ സാമ്പത്തിക ആരോപണങ്ങളിലെ രേഖകൾ പരിശോധിക്കാൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.
അതേസമയം, കൊല്ലങ്കോട് സിപിഎം ഏരിയ കമ്മിറ്റിയിലെ വിഭാഗീയതയിൽ നടപടി. പുതുനഗരം, കൊല്ലങ്കോട് ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെ നാലുപേരെ പുറത്താക്കി. വിഭാഗീയത നേരിടാൻ മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേരെ ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.