പലിശക്കാരുടെ ഭീഷണി; പാലക്കാട്ട് കർഷകന്‍ ആത്മഹത്യ ചെയ്തു
മകളുടെ വിവാഹത്തിന് മൂന്നു ലക്ഷം രൂപ കടമെടുത്ത്, പത്തു ലക്ഷം തിരിച്ചടച്ചിട്ടും പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പാലക്കാട് കർഷകന്‍ ആത്മഹത്യ ചെയ്തു. വള്ളിക്കോട് സ്വദേശി വേലുക്കുട്ടിയാണ് ട്രെയിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹത്തിന് മൂന്നു ലക്ഷം രൂപ കടമെടുത്ത വേലുക്കുട്ടി പത്തു ലക്ഷം തിരിച്ചടച്ചിട്ടും പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
പാലക്കാട് സ്വദേശികളായ പ്രകാശൻ, ദേവൻ എന്നിവരിൽ നിന്നുമാണ് വേലുകുട്ടി പണം കടമെടുത്തത്. ഇവരും ഇവരുടെ സഹായി സുധാകരനും വീട്ടിലെത്തി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വേലുക്കുട്ടിയുടെ മകൻ വിഷ്ണു പറയുന്നു.
പലിശക്കാർ 37 സെന്‍റ് സ്ഥലം വേലുക്കുട്ടിയിൽ നിന്നും എഗ്രിമെന്‍റെഴുതി വാങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ കാലാവധി തീരാനായപ്പോഴാണ് വീണ്ടും ഭീഷണി തുടങ്ങിയത്. മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപെട്ട് കുടുംബം പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.