മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പാലക്കാട്ട് ഇത്തവണ ചൂട് കുറവ്
കഴിഞ്ഞ വർഷം മാർച്ച് ആദ്യ വാരം 41 ഡിഗ്രി ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഈ വർഷം 39 ഡിഗ്രിയാണ് പരമാവധി ചൂട്
പാലക്കാട്: കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് പാലക്കാട് ജില്ലയിൽ ഇത്തവണ ചൂട് കുറവാണ്. കഴിഞ്ഞ വർഷം മാർച്ച് ആദ്യ വാരം 41 ഡിഗ്രി ചൂടാണ് ജില്ലയിൽ രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഈ വർഷം 39 ഡിഗ്രിയാണ് പരമാവധി ചൂട്.
വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. ഇത്തവണ ഇതിന് ചെറിയ മാറ്റമുണ്ട്. മുണ്ടൂർ ഐ.ആർ.ടി.സിയിലെ കാലവസ്ഥ പരിശോധന കേന്ദ്രത്തിലെ കണക്ക് പരിശോധിക്കുമ്പോൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ചൂട് കുറവാണെന്ന് കാണാം.
2021 ലും 2022 ലും മാർച്ച് ആദ്യ ദിവസങ്ങളിൽ 40 ഡിഗ്രിയിൽ കുറവ് ചൂട് രേഖപെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം മാർച്ച് 4 ന് 41 ഡിഗ്രി താപനിലയാണ് രേഖപെടുത്തിയത്. ഈ വർഷമിത് 39 ആണ്. ഇന്നലെ 37 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ച് 9 ന് 41 ഡിഗ്രിയാണ് പാലക്കാട്ടെ ചൂട്. രാത്രികളിലും പുലർച്ചെയും താപനില ശരാശരി 23 ആയാണ് നിലനിൽക്കുന്നത്. ഇതും കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ചൂട് കൂടും. കഴിഞ്ഞ വർഷം മാർച്ച് 12 ന് 42 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്.