കോടിയല്ല, കൊടിയാണ് എന്റെ കരുത്ത്: പന്ന്യൻ രവീന്ദ്രൻ
ആർ.എസ്.എസ് ശ്രമിക്കുന്നത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ്. അതിനെതിരെ പോരാടുമെന്നും പന്ന്യൻ വ്യക്തമാക്കി.
തിരുവനന്തപുരം: കോടീശ്വരൻമാരായ സ്ഥാനാർഥികളോട് മത്സരിക്കുന്നതിൽ ഒരു ആശങ്കയുമില്ലെന്ന് തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. കോടിയല്ല, കൊടിയാണ് തന്റെ സമ്പത്തെന്ന് പന്ന്യൻ പറഞ്ഞു. ജനങ്ങളാണ് കോടീശ്വരൻമാർ. കോടികൾ തനിക്ക് വേണ്ടത്. ഏറ്റവും വലിയ സമ്പത്ത് മനുഷ്യസ്‌നേഹമാണെന്നും പന്ന്യൻ പറഞ്ഞു.
കോടീശ്വരൻമാരുടെ കൂട്ടത്തിൽ മത്സരിക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. പണം തനിക്കൊരു പ്രശ്‌നമല്ല. കവി അയ്യപ്പന് മാത്രമാണ് താൻ പണം കടം കൊടുത്തത്. കള്ള് കുടിക്കാൻ പണം കൊടുത്തത് ഒരേ ഒരാൾക്ക് മാത്രമാണ്, അയ്യപ്പന് മാത്രം. താൻ ആരുടെയും കടക്കാരനല്ലെന്നും പന്ന്യൻ പറഞ്ഞു.
കോൺഗ്രസ് പ്രകടനപത്രികയിൽ സി.എ.എ ഇല്ലാത്തതിനെ പന്ന്യൻ രവീന്ദ്രൻ പരിഹസിച്ചു. ആർ.എസ്.എസ് ശ്രമിക്കുന്നത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ്. അതിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.