പ്രണയപ്പക: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം
പത്ത് വർഷം അധിക തടവും, രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. കൂടാതെ പത്ത് വർഷം അധിക തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ട് ശിക്ഷയും ഒന്നിച്ച് അനുഭവിക്കണം. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതീക്ഷിച്ച വിധിയാണെന്നും പൊലീസ് മികച്ച രീതിയിൽ അന്വേഷിച്ചെന്നും പ്രോസിക്യൂഷൻ പറഞ്ഞു. 2023 സെപ്റ്റംബർ 21 നാണ് കേസിൻ്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി.
പ്രണയപ്പകയെ തുടർന്ന് 22കാരിയായ വിഷ്ണു പ്രിയയെ മുൻ സുഹൃത്ത് മാനന്തേരി സ്വദേശി ശ്യാംജിത്ത് വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. വിഷ്ണുപ്രിയക്ക് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന്റെ പ്രധാന കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. കൈയിലും കാലിലും മാറിലും ആഴമേറിയ മുറിവുകളുണ്ട്. തലയ്ക്ക് പിന്നിൽ ചുറ്റിക കൊണ്ട് ശക്തമായ അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പ്രണയം തകർന്നതു മുതൽ പക കൊണ്ടുനടന്ന ശ്യാംജിത് വീട്ടിൽ ആരുമില്ലാതിരുന്ന സമയം മനസിലാക്കി ബൈക്കിലെത്തിയാണ് കൃത്യം നടത്തിയത്. ആദ്യം വിഷ്ണു പ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. ശേഷം കഴുത്തറുക്കുകയും മറ്റു ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയുമായിരുന്നു.