പ്രതി ചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണം; വാളയാർ കേസിൽ ഹൈക്കോടതിയെ സമീപിച്ച് മാതാപിതാക്കൾ
'സിബിഐ അന്വേഷണത്തിൽ സുതാര്യതയില്ല, നടപടി ആസൂത്രിതമാണ്'.


കൊച്ചി: വാളയാർ കേസിൽ സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ. തങ്ങളെ പ്രതിചേർത്ത സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
കഴിഞ്ഞ ദിവസം എറണാകുളത്തെ സിബിഐ കോടതി-3ൽ സമർപ്പിച്ച കുറ്റപത്രത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതി ചേർത്തിരുന്നു. ഇവർക്ക് സമൻസ് അയക്കലുൾപ്പെടെയുള്ളവയ്ക്കായി നടപടികൾ തുടരുകയാണ്. ഇതിനിടെയാണ് ഇപ്പോൾ മാതാപിതാക്കൾ സിബിഐക്കെതിരെ ഹരജി നൽകിയത്.
കുറ്റപത്രം റദ്ദാക്കി പുതിയ അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. സിബിഐ അന്വേഷണത്തിൽ സുതാര്യതയില്ല, നടപടി ആസൂത്രിതമാണ്. സിബിഐ അധികാര ദുർവിനിയോഗം നടത്തി. മക്കളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കൾ പറയുന്നു.
പ്രതികളിൽ മൂന്ന് പേർ വിവിധ സാഹചര്യങ്ങളിൽ മരിച്ചിട്ടുണ്ട്. ഇതുൾപ്പെടെ അന്വേഷണപരിധിയിൽ കൊണ്ടുവന്ന് മക്കളുടെ മരണം കൊലപാതകമാണോ എന്ന് അന്വേഷിച്ച് കണ്ടെത്തണം. സിബിഐ സംഘം ഫൊറൻസിക് തെളിവുകൾ പരിശോധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പുതിയ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.