'ഞാൻ തെറിച്ചു വീണു, പൊങ്ങിവരുമ്പോൾ 3 പേരെ പിടികിട്ടി'- അപകടത്തില്‍പെട്ട ബോട്ടിലെ യാത്രക്കാരന്‍റെ പ്രതികരണം
'ആളുകൾക്ക് പെട്ടെന്ന് സ്ഥലത്തേക്ക് എത്താൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നിട്ടും രണ്ടു, മൂന്നു പേർ നീന്തി എത്തി'
താനൂർ: 22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന്റെ ഞെട്ടലിലാണ് കേരളം. ഉറ്റവരെ നഷ്ടപ്പെട്ട വേദനയും നിലവിളിയുമാണ് താനൂരാകെ. ഇന്നലെ തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്ന് ഉച്ചവരെ തുടർന്നു. നേരെ പോയിക്കൊണ്ടിരുന്ന ബോട്ട് പെട്ടെന്നാണ് ചരിഞ്ഞതെന്നും തലകീഴായി മുങ്ങുകയായിരുന്നു എന്നും ബോട്ടിലെ യാത്രക്കാരൻ പറയുന്നു.
''ബോട്ട് പെട്ടെന്ന് ഒരു ഭാഗത്തേക്ക് ചരിഞ്ഞു. ഞാൻ മുകളിലായിരുന്നതിനാൽ തെറിച്ചു വീഴുകയായിരുന്നു. പൊങ്ങിവരുന്ന സമയത്ത് മൂന്ന് പേരെ പിടികിട്ടി. അവരെ ബോട്ടിനു മുകളിൽ പിടിച്ചു നിർത്തി. ബോട്ടിൽ കൂടുതലും കുട്ടികളായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും മനസിലാക്കാൻ കഴിയുന്നില്ല.. മുൻപും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. ആളുകൾ ഓടിവരുന്നത് കാണുന്നുണ്ട്. പക്ഷെ അവർക്ക് പെട്ടെന്ന് സ്ഥലത്തേക്ക് എത്താൻ കഴിയുന്നുണ്ടായിരുന്നില്ല. വെള്ളത്തിന് നടുക്കായിരുന്നു. എന്നിട്ടും രണ്ടുമൂന്നു പേർ നീന്തി എത്തി.''
ഇന്നല വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും താനൂരിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. ദുരന്തത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചുള്ള ആഴത്തിൽ അന്വേഷിക്കണമെന്നാണ് കക്ഷിരാഷ്ട്രീയ ഭേദമന്യെ ഉയർന്ന ആവശ്യം.