പത്തനംതിട്ട കാർഷിക ബാങ്ക് തെരഞ്ഞെടുപ്പ്: 20 വർഷത്തിനു ശേഷം എൽ.ഡി.എഫിന് അട്ടിമറി വിജയം
20 വർഷം യു.ഡി.എഫാണ് ബാങ്ക് ഭരിച്ചത്
പത്തനംതിട്ട: പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മുഴുവൻ സീറ്റിലും വിജയം. 20 വർഷത്തിനു ശേഷമാണ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് ഭരണം തിരിച്ചുപിടിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ യു.ഡി.എഫ് എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. മുഴുവൻ സീറ്റിലും വലിയ ഭൂരിപക്ഷത്തോടെ അട്ടിമറി വിജയമാണ് എൽ.ഡി.എഫ് നേടിയിരിക്കുന്നത്.
രാവിലെ മുതൽ തന്നെ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കള്ളവോട്ട് ആരോപണത്തിന്റെ പേരിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ കള്ളവോട്ട് ചെയ്യാനെത്തിയ രണ്ട് പ്രവർത്തകരെ പൊലീസ് പിടികൂടുകയും ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് കൂടുതൽ എൽ.ഡി.എഫ് പ്രവർത്തകർ വോട്ടിംഗ് കേന്ദ്രമായ മാർത്തോമ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപത്തേക്ക് എത്തി. പൊലീസ് ഇവരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് ലാത്തി വീശുകയും മുൻ എം.എൽ.എ കെ.സി രാജഗോപാലിന് പരിക്കേറ്റത്. നിലവിൽ പ്രദേശത്ത് സംഘർഷാവസ്ഥ നില നിൽക്കുന്നില്ല.