ജാതി വിവേചനം; സംഘാടകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെങ്കിൽ തിരുത്തുമെന്ന് പയ്യന്നൂർ നമ്പ്യാത്തറ ശിവക്ഷേത്രം ട്രസ്റ്റ്
ഇന്നലെ ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം
കണ്ണൂര്‍: ജാതി വിവേചനം നേരിട്ടെന്ന മന്ത്രി രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പയ്യന്നൂർ നമ്പ്യാത്തറ ശിവക്ഷേത്രം ട്രസ്റ്റ്. സംഘാടകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെങ്കിൽ തിരുത്തുമെന്നും ദേവസ്വം ബോർഡിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് വീഴ്ച പരിഹരിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു. ഇന്നലെ ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ജനുവരിയിൽ ക്ഷേത്രത്തിൽ നടന്ന ചടങ്ങിനിടെ വിവചനം നേരിട്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.
ജാതിവിവേചനം നേരിട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് യോഗക്ഷേമസഭ പ്രതികരിച്ചിരുന്നു. ജാതി വിവേചനമല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റു പല വിവാദങ്ങൾ മറച്ചുപിടിക്കാനാണെന്നും യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ആരോപിച്ചു. മന്ത്രി പക്വതയുള്ളയാളാണെന്നാണ് കരുതിയത്. പൂജക്ക് ഒരു നിയമമുണ്ട്. അതിനകത്ത് ജാതിയോ മതമോ ഇല്ല. ദേവസ്വം മന്ത്രി ആകുമ്പോൾ ഇതിനൊക്കെ കുറിച്ച് കുറച്ച് കൂടി അറിയേണ്ടതായിരുന്നു. ഇന്നത്തെക്കാലത്ത് ജാതിവിവേചനമൊന്നുമില്ലെന്നതാണ് സത്യം. എന്തൊക്കെയോ വാർത്തകൾ സൃഷ്ടിക്കാനാണോ ഇതെല്ലാമെന്ന് സംശയിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
അതേസമയം രാജ്യത്ത് ദലിത് വേട്ട വർധിക്കുന്നെന്നും ചോദ്യം ചെയ്തില്ലെങ്കിൽ അത് കേരളത്തിലേക്കും നീളുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ''ഇല്ലാതാക്കിയത് തിരിച്ചു കൊണ്ടുവരണം എന്ന് ആഗ്രഹമുള്ള ആളുകൾ ഉണ്ട്. അതിനു അനുവദിക്കില്ല എന്നാണ് പറയുന്നത്. ദേവപൂജ കഴിയുന്നതുവരെ ആരെയും തൊടില്ലെങ്കിൽ എന്തിനാണ് പുറത്തിറങ്ങിയത്. അങ്ങനെയെങ്കിൽ മുഴുവൻ ശുദ്ധികലശം നടത്തേണ്ടേ? രാധാകൃഷ്ണന്‍ ചോദിച്ചു.