കെ റെയിലിന് കല്ലിടുന്നതിന്റെ പേരിൽ പൊലീസ് ആറാടുകയാണ്: പി.സി വിഷ്ണുനാഥ്
സമാധാനപരമായി ജീവിക്കുന്ന മനുഷ്യരുടെ അടുക്കളയിലാണ് മഞ്ഞ കല്ലിടുന്നത്. പാരിസ്ഥിതികമായി കേരളത്തെ തകർക്കുന്ന വിനാശകരമായ പദ്ധതിയാണിത്.
കെ റെയിൽ വിഷയത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച തുടങ്ങി. പി.സി വിഷ്ണുനാഥ് ആണ് അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുന്നത്. കെ റെയിലിന് കല്ലിടുന്നതിന്റെ പേരിൽ പൊലീസ് ആറാടുകയാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. പൊലീസ് അഴിഞ്ഞാടുകയാണ്. കുട്ടികളുടെ മുന്നിൽവെച്ച് മാതാപിതാക്കളെ മർദിക്കുന്നു. വയോധികരെപ്പോലും സ്വന്തം ഭൂമിയിൽ നിന്ന് വലിച്ച് പുറത്തിടുന്നു. ഇത് എന്ത് ആഘാതപഠനമാണെന്ന് വിഷ്ണുനാഥ് ചോദിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ എം.കെ മുനീർ അടിയന്തരപ്രമേയത്തിന് അനുമതി തേടിയപ്പോൾ പ്രതിപക്ഷവുമായി ചർച്ചക്കില്ലെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ മാർച്ച് ആയപ്പോൾ സർക്കാരിന് ചർച്ചക്ക് തയ്യാറാവേണ്ടി വന്നു. ഇത് ഈ നാട്ടിലെ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വിജയമാണ്.
സമാധാനപരമായി ജീവിക്കുന്ന മനുഷ്യരുടെ അടുക്കളയിലാണ് മഞ്ഞ കല്ലിടുന്നത്. പാരിസ്ഥിതികമായി കേരളത്തെ തകർക്കുന്ന വിനാശകരമായ പദ്ധതിയാണിത്. കോർപ്പറേറ്റുകളെയും സമ്പന്ന വർഗത്തേയും സഹായിക്കാൻ വേണ്ടി മാത്രമാണ് ഈ പദ്ധതിയെന്നും വിഷ്ണുനാഥ് പറഞ്ഞു.